KeralaNEWS

ശബരിമല പ്രക്ഷോഭം: കേസുകൾ പിൻവലിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ എൻ.എസ്.എസ്. 

ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാര്‍ത്ഥം 2018 ല്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കം നിരവധി വിശ്വാസികളെ പ്രതിയാക്കി സര്‍ക്കാര്‍ എടുത്ത കേസുകള്‍ നിലനില്‍ക്കുകയാണന്ന് എന്‍.എസ്.എസ്. പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആരോപണം. തൊഴില്‍ രഹിതരും വിദ്യാര്‍ഥികളുമായി വിദേശത്തും സ്വദേശത്തും തൊഴില്‍ അന്വേഷിക്കുന്നവരുമായവര്‍ക്കെതിരേ പതിനേഴായിരത്തോളം കേസുകളിലായി അറുപത്തി എണ്ണായിരം പേര്‍ക്കെതിരേ എടുത്ത കേസുകള്‍ ഗൗരവമുള്ളതാണന്ന് പ്രമേയത്തില്‍ പറയുന്നു.

കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഹൈന്ദവ വിശ്വാസികള്‍ക്കെതിരായ സര്‍ക്കാരിന്റെ വെല്ലുവിളിയായി സംശയിക്കേണ്ടിയിരിക്കുന്നതായി നായകസഭാംഗം പന്തളം ശിവന്‍ കുട്ടി അവതരിപ്പിച്ച പ്രമേയം പ്രമേയം കുറ്റപ്പെടുത്തി.

പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ്. ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍ പിള്ള പ്രമേയം അവതരിപ്പിച്ചു. സംവരണം ജാതിയുടെ പേരിലാവാതെ സാമ്പത്തിക അടിസ്ഥാനത്തിലാവണം എന്ന മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ എന്‍.എസ്.എസ്. ഉയര്‍ത്തുന്ന നിലപാടിന് ലഭിച്ച അംഗീകാരമാണ് സുപ്രീം കോടതി വിധി. സംവരണ വ്യവസ്ഥ അശാസ്ത്രീയമാണ് മാറ്റങ്ങള്‍ വേണം എന്നാവശ്യപ്പെട്ടുള്ള നിവേദനം 1958 ല്‍ അന്നത്തെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. അന്ന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണ വാദം എന്‍.എസ്.എസ്. ഉയര്‍ത്തുന്നത്. എന്നാല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭരണവര്‍ഗത്തിനാവാതെ വന്നതോടെയാണ് സാമ്പത്തിക – തൊഴില്‍ – വിദ്യാഭ്യാസ രംഗങ്ങളില്‍ 10 ശതമാനം സംവരണമെങ്കിലു നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ തൊഴില്‍ – വിദ്യാഭ്യാസ രംഗങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. അതേസമയം ഭരണ ഘടനാ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് സാമ്പത്തിക സംവരണം ശരിവച്ചതെന്നും പ്രമേയത്തില്‍ പറയുന്നു.

Back to top button
error: