NEWSWorld

ഒരു മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്ക് മറ്റൊരു മാർപാപ്പ നേതൃത്വം നൽകുന്ന അപൂർവ സന്ദർഭം; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ തുടങ്ങും

വത്തിക്കാന്‍ സിറ്റി: അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക. വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്തരിച്ച മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ന് കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ബനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

അതേസമയം, ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ കബറടക്കവും പുതിയ ചരിത്രമാകും. ആധുനിക കാലത്തൊന്നും കത്തോലിക്കാ സഭയില്‍ മാര്‍പാപ്പമാര്‍ സ്‌ഥാനത്യാഗം ചെയ്‌തിട്ടില്ല. അവസാനമായി മാര്‍പാപ്പ സ്‌ഥാനത്യാഗം ചെയ്‌തത്‌ 600 വര്‍ഷം മുമ്പാണ്‌. ഈ സാഹചര്യത്തിലാണു ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങ്‌ ശ്രദ്ധേയമാകുക. ഒരു മാര്‍പാപ്പയ്‌ക്ക്‌ മറ്റൊരു മാര്‍പാപ്പ വിടയേകുന്നത്‌ അപൂര്‍വമാണ്‌. ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുമെന്ന്‌ ഉറപ്പാണ്‌. ഇക്കാര്യം വത്തിക്കാന്‍ വക്‌താവ്‌ മാറ്റേയോ ബ്രുണി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ബെനഡിക്‌ട്‌ 16-ാമന്‍, മാര്‍പാപ്പയായിരുന്നു. ആ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടതിനാല്‍ കര്‍ദിനാളായും പരിഗണിക്കാന്‍ കഴിയില്ല. എന്നാല്‍, അധികാരത്തിലിരിക്കെ കാലംചെയ്‌ത മാര്‍പാപ്പയല്ല അദ്ദേഹം. ഇതാണ്‌ ആശയക്കുഴപ്പങ്ങളുടെ കാരണം.

Signature-ad

വിവിധ രാജ്യങ്ങള്‍ക്കിടയിലും ഈ ആശയക്കുഴപ്പമുണ്ട്‌. ബനഡിക്‌ട്‌ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങിലേക്ക്‌ ജര്‍മനിയില്‍നിന്നും ഇറ്റലിയില്‍നിന്നും ഔദ്യോഗിക പ്രതിനിധികളുണ്ടാകും. മറ്റു രാജ്യങ്ങളുടെ കാര്യം വ്യക്‌തമല്ല. മാര്‍പാപ്പയെന്ന നിലയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മോതിരം സ്‌ഥാനമൊഴിഞ്ഞതിനു പിന്നാലെ ഉപേക്ഷിച്ചിരുന്നു. അതിനാല്‍ അതു നീക്കുന്ന ചടങ്ങ്‌ ഉണ്ടാകില്ല. സാധാരണ മാര്‍പാപ്പമാര്‍ കാലം ചെയ്യുമ്പോള്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍ റോമിലെത്തും. സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാനും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുമാണ്‌ അവര്‍ കൂടിച്ചേരുന്നത്‌.

ഇക്കുറി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കേണ്ടതില്ല. അതിനാല്‍ എല്ലാ കര്‍ദിനാള്‍മാരും എത്തിച്ചേരുമോയെന്നു വ്യക്‌തമല്ല. ബെനഡിക്‌ട്‌ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിലേക്കു മാറ്റും. അദ്ദേഹം 10 വര്‍ഷമായി താമസിച്ച എക്ലേസിയ ആശ്രമത്തിലാണ്‌ ഇന്നലെയും ഭൗതിക ശരീരം സൂക്ഷിച്ചത്‌.

സംസ്കാരച്ചടങ്ങുകളിൽ അന്തിമ വാക്ക്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടേതാണ്‌. അദ്ദേഹം ആശയക്കുഴപ്പം നീക്കുമെന്നാണു പ്രതീക്ഷ. സ്‌ഥാനത്യാഗത്തിന്റെ കാര്യത്തില്‍ 1294 ല്‍ അധികാരമൊഴിഞ്ഞ സെലസ്‌റ്റിന്‍ അഞ്ചാമനാണു ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയ്‌ക്കു മുന്നിലുള്ളത്‌. മാര്‍പാപ്പ സ്‌ഥാനം ഒഴിഞ്ഞശേഷം സന്യാസിയായാണ്‌ അദ്ദേഹം കഴിഞ്ഞത്‌. 1296 ല്‍ അദ്ദേഹം കാലംചെയ്‌തപ്പോള്‍ മാര്‍പാപ്പമാര്‍ക്കു ലഭ്യമാകുന്ന സംസ്‌കാരച്ചടങ്ങുകൾ ലഭിച്ചില്ല.

Back to top button
error: