മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ സ്യൂഡാസ്‌വാറസിലെ ജയിലിൽ സംഘർഷം. വെടിവെയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. 24-ഓളം തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം. തോക്കുമായി ജയിലിനുള്ളില്‍ കടന്നവരാണ് ആദ്യം വെടിയുതിർത്തതെന്ന് അധികൃതർ പറഞ്ഞു. ഇതോടെ സുരക്ഷാ ജീവനക്കാരും തിരിച്ചടിച്ചു.
വാഹനങ്ങളിലെത്തിയ ആയുധധാരികൾ ആദ്യം മുൻസിപ്പൽ പോലീസിനു നേരെയാണ് വെടിയുതിർത്തത്. തുടർന്നാണ് ജയിലിൽ അതിക്രമിച്ച് കയറി ആക്രണം നടത്തിയത്. നാല് പേരെയും അവർ സഞ്ചരിച്ചിരുന്ന വാഹനവും തോക്കുധാരികളെ പിന്തുടർന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹമ്മറിലെത്തിയ മറ്റൊരു സംഘം വെടിവെയ്പ്പ് നടത്തിയത്. മെക്‌സിക്കൻ സമയം രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ്പിന് പിന്നാലെ ജയിൽ മെക്‌സിക്കൻ സൈന്യത്തിന്റെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്. കസ്റ്റഡിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.