IndiaNEWS

തീർഥാടന കേന്ദ്രമായ സമ്മദ് ശിഖര്‍ജി ടൂറിസം കേന്ദ്രമാക്കിയ നടപടി: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ജൈനരുടെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ ശ്രീ സമ്മദ് ശിഖര്‍ജിയെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി ജൈന സമൂഹം. ജാര്‍ഖണ്ഡിലെ പരസ്‌നാഥ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന സമ്മദ് ശിഖര്‍ജി ജൈനരുടെ ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടം ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിനു കാരണം. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിലുള്‍പ്പെടെ ജൈന മതക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമ്മദ് ശിഖര്‍ജിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇപ്പോഴത്തെ തീരുമാനം പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഡിസംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ ഋഷഭ് വിഹാര്‍ ജൈനക്ഷേത്രത്തില്‍ ജൈന സമാജ് സമ്മദ് ശിഖര്‍ ബച്ചാവോ ആന്ദോളന്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി രണ്ടു വിശ്വാസികള്‍ ഇവിടെ മരണം വരെ നിരാഹാരസമരം നടത്തുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേരും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പുതുവത്സരദിനമായ ഇന്നലെ ജൈനര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. തീരുമാനത്തിനെതിരേ നേരത്തേ മധ്യപ്രദേശിലെ ജൈന സമൂഹം തെരുവിലിറങ്ങിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പ്രധാനമന്ത്രി മോദിക്കും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കത്തയച്ചു.

Signature-ad

അതേസമയം, ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. രാജ്യത്തെ എല്ലാ തീര്‍ഥാടനകേന്ദ്രങ്ങളുടെയും പവിത്രത സംരക്ഷിക്കണമെന്ന് വി.എച്ച്.പി. ആവശ്യപ്പെട്ടു. സമ്മദ് ശിഖര്‍ജി പുണ്യപ്രദേശമായി പ്രഖ്യാപിക്കണം. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഭ്യമായ മാംസവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവ ലഭ്യമാകാതിരിക്കാനുള്ള നടപടികളെടുക്കണമെന്നും വി.എച്ച്.പി. ആവശ്യപ്പെട്ടു. ജൈന മതത്തിലെ 24 തീര്‍ത്ഥങ്കരന്മാരില്‍ 20 പേര്‍ സമദ് ശിഖര്‍ജിയില്‍ മോക്ഷം പ്രാപിച്ചതായാണ് വിശ്വാസം.

Back to top button
error: