IndiaNEWS

ബീഹാർ വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതി ഡല്‍ഹിയില്‍ പിടിയിൽ 

ന്യൂഡൽഹി: 70 പേരുടെ ജീവനെടുത്ത ബീഹാറിലെ ഛപ്ര വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ദ്വാരക പ്രദേശത്ത് നിന്നാണ് രാം ബാബു മഹ്തോ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാൾ മുമ്പ് മറ്റ് ഏഴ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്‍പെഷ്യൽ കമ്മീഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു.

ഡല്‍ഹിയില്‍ ഇയാള്‍ ഉണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രതികളുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തുടർനടപടികൾക്കായി ബിഹാർ പൊലീസുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മദ്യ ദുരന്തത്തിൽ പ്രധാനപങ്ക് ഇയാൾക്കാണ്. പൊലീസ് അന്വേഷണം ഭയന്ന് ഇയാൾ പലയിടങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. സാ​ങ്കേതിക വിദ്യകളുടെ സഹായത്താൽ ദ്വാരകയിൽ നിന്നാണ് രാം ബാബുവിനെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഡൽഹി പൊലീസ് ബിഹാർ പൊലീസിനെ അറിയിക്കുകയായിരുന്നു. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച രാം ബാബു, സംസ്ഥാനത്തെ മദ്യ നിരോധനം പെട്ടെന്ന് പണമുണ്ടാക്കാനുള്ള അവസരമായി കാണുകയായിരുന്നു. അങ്ങനെയാണ് വ്യാജമദ്യം വിൽക്കാൻ തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Signature-ad

2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാര്‍. ഈ വര്‍ഷം ബീഹാറില്‍ നൂറിലധികം പേരാണ് വ്യാജ മദ്യദുരന്തത്തില്‍ മരിച്ചത്. 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ മദ്യ ദുരന്തമാണിത്. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയില്‍ വച്ച് മദ്യപിച്ചവരാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: