
കോട്ടയം: സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരേ പരാതിയുമായി എം.പി. അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നില്‍ ഹോണ്‍ മുഴക്കി അപകടകരമായ രീതിയില്‍ പാഞ്ഞുപോയതായി തോമസ് ചാഴികാടന്‍ എംപി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച തോമസ് ചാഴികാടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പാണ് ഡ്രൈവറുടെ ലൈസന്‍സ് ചെയ്തത്. കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാതാ ബസിലെ ഡ്രൈവര്‍ മാഞ്ഞൂര്‍ സ്വദേശി ടോണിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് ആര്‍.ടി.ഒ: ജയരാജ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം കോട്ടയം നഗരത്തിലായിരുന്നു സംഭവം.
എം.പിയുടെ വാഹനത്തിനു പിന്നാലെ അമിതവേഗത്തില്‍ സ്വകാര്യ ബസ് എത്തുകയായിരുന്നു. അമിതവേഗത്തില്‍ എത്തിയ ബസ് ഹോണ്‍ മുഴക്കി അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബസിനുള്ളിലെ യാത്രക്കാര്‍ക്കുവരെ ഭീഷണിയാകുന്ന രീതിയിലാണ് സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നത് എന്നാണ് എം.പിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്.






