
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് ബി.ജെ.പി. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി, ജനരോഷം തണുപ്പിക്കുക എന്നതാണ് ലക്ഷ്യം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കാലാവധി അവസാനിക്കാനിരിക്കേ സംഘടനാതലത്തിലും മാറ്റമുണ്ടായേക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണമുള്ള ഏക സംസ്ഥാനമായ കർണാടക, വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുര, മേഘാലയ, മധ്യപദേശ് എന്നിവിടങ്ങളിലെല്ലാം കടുത്ത ഭരണ വിരുദ്ധ വികാരമുണ്ട്. ഈ സംസ്ഥാനങ്ങളിൽ സംഘടനാതലത്തിലും കടുത്ത ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നേതാക്കൾ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള പൊളിച്ചെഴുത്തിനായിരിക്കും ബിജെപി തയ്യാറെടുത്തേക്കുക.

അതേസമയം സംഘടനാ തലത്തിലും പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്നാണ് സൂചന. ജനവരി 20 ന് കാലാവധി അവസാനിക്കാനിരിക്കുന്ന ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കാര്യത്തിൽ പാർലമെന്ററി ബോർഡായിരിക്കും തീരുമാനം എടുക്കുക. അദ്ദേഹത്തിന് ഒരുതവണ കൂടി അവസരം നൽകാനാണ് സാധ്യത. ജനറൽ സെക്രട്ടറിമാരിലും മാറ്റമുണ്ടാകും. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്ന ചിലര്‍ക്ക് സംഘടനാ ചുമതല നൽകിയേക്കും.






