
അടിമാലിയിലെ ജൂവലറിയിൽ മുക്കുപണ്ടം പണയംവെച്ച് നാൽപ്പതിനായിരം രൂപ തട്ടിയെടുത്ത വിരുതൻ പോലീസ് പിടിയിലാകും എന്ന് ബോധ്യമായപ്പോൾ സ്വന്തം വാഹനം ജൂവലറി ഉടമയ്ക്ക് നൽകി കേസിൽനിന്ന് തലയൂരി.
അടിമാലിയിൽ ഇന്നലെ (ശനി) ഉച്ചയ്ക്കായിരുന്നു സംഭവം. അടിമാലിയുടെ സമീപവാസിയായ ഒരു യുവാവ് രണ്ട് പവൻ തൂക്കംവരുന്ന മുക്കുപണ്ടം പണയം വെയ്ക്കാൻ സ്വർണക്കടയിൽ എത്തി.
അറുപതിനായിരം രൂപയ്ക്ക് പണയം വെച്ചു. നാൽപ്പതിനായിരം രൂപ വാങ്ങി. ഇരുപതിനായിരം രൂപ വൈകുന്നേരം വാങ്ങിക്കൊള്ളാം എന്ന് പറഞ്ഞ് പോയി. പിന്നീട് കടക്കാരൻ പണയവസ്തു സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കട ഉടമ പോലീസിൽ പരാതി നൽകി. വൈകുന്നേരം ഇയാൾ എത്തുമ്പോൾ അറിയിക്കാൻ പോലീസ് കട ഉടമയ്ക്ക് നിർദേശം നൽകി.
വൈകുനേരത്തോടെ യുവാവ് ബാക്കി തുക വാങ്ങാൻ എത്തി. പോലീസും എത്തി. കേസിൽപ്പെടും എന്ന് ബോധ്യമായ യുവാവ് അപ്പോൾതന്നെ തന്റെ വാഹനം കട ഉടമയുടെ പേരിൽ രേഖാമൂലം എഴുതി നൽകി കേസിൽനിന്ന് തലയൂരുകയും ചെയ്തു.
മുക്കുപണ്ടമാണോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ട് പണം നൽകേണ്ട ബാധ്യത കട ഉടമയ്ക്കാണെന്നും നിലവിൽ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നുമാണ് അടിമാലി പോലീസിൻ്റെ നിലപാട്.






