നമ്മുടെ കൃഷിക്ക് നമ്മുടെ വളം, കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

ചെറിയ രീതിയിലെങ്കിലും വീടിന്റെ പരിസരപ്രദേശത്ത് കൃഷി ചെയ്യുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. സ്വന്തം അടുക്കളയിലേക്ക് ഉള്ള പച്ചക്കറികൾ വീടിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കാൻ സൗകര്യമില്ലാത്തവർ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതും സർവ സാധാരണമായിക്കഴിഞ്ഞു. ഇത്തരം കൃഷി രീതിക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നല്ല പ്രോത്സാഹനമാണ് നൽകിവരുന്നത്. വിഷം കലരാത്ത പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കി എടുത്താൽ ദീർഘകാലം അസുഖങ്ങൾക്കൊന്നും പിടികൊടുക്കാതെ ജീവിക്കാൻ സാധിക്കും. ജൈവ കൃഷിരീതിയാണ് ഭൂരിഭാഗം വരുന്ന അടുക്കള തോട്ടങ്ങളിൽ കാണാൻ സാധിക്കുന്നത്.

ചാണക വെള്ളം ഉപയോഗിച്ച് കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം എങ്ങിനെ എന്ന് നോക്കാം. നല്ല കട്ടിയായി കലക്കിയ ചാണക വെള്ളമാണ് ഇത്തരം കമ്പോസ്റ്റ് ഉണ്ടാക്കാനായി ആവശ്യം. ഒരു പ്ലാസ്റ്റിക് ചാക്കിൽ ഒരു നിര കരിയില ഇട്ടതിനുശേഷം അതിനു മുകളിലേക്ക് കട്ടിയിൽ കലക്കി വച്ചിരിക്കുന്ന ചാണക വെള്ളം ഒഴിക്കുക. അതിനുമുകളിൽ വീണ്ടും കരിയില വിതറുക. ഇത്തരത്തിൽ ചാക്ക് നിറയുന്നതുവരെ കരിയിലയും ചാണകവും അടുക്കുക. ശേഷം ചാക്ക് നന്നായി കെട്ടി മാറ്റിവയ്ക്കുക.
കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ഉപയോഗിച്ച് കരിയില കമ്പോസ്റ്റ് നിർമ്മിക്കാനാവും. ഇതിനായി ഒരു പ്ലാസ്റ്റിക് ചാക്ക്ലേക്ക് കരിയില ഇട്ടതിനുശേഷം മുകളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും സമാസമം ഇട്ടു കൊടുക്കുക. ശേഷം അല്പം വെള്ളം ഇതിനു മുകളിൽ തളിക്കുക. ഇത്തരത്തിൽ ചാക്കുകൾ നിറയുന്നതുവരെ അട്ടിയട്ടിയായി ഇട്ടുകൊടുക്കാം. കടല പിണ്ണാക്ക് മാത്രമായി ഇട്ടാൽ ഉറുമ്പ് ശല്യം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് വേപ്പിൻപിണ്ണാക്കും ഈ മിശ്രിതത്തിൽ ചേർക്കുന്നത്. ചാക്ക് നിറന്ഞ്ഞതിനുശേഷം കെട്ടി മാറ്റിവെക്കുക.
മണ്ണും ചാണകപ്പൊടിയും ഉപയോഗിച്ച് കരിയില കമ്പോസ്റ്റ് നിർമ്മിക്കുവാൻ ഒരു പ്ലാസ്റ്റിക് ചാക്കിലേക്ക് മണ്ണും ചാണകപ്പൊടിയും വിതറുക. ഇതിനു മുകളിലേക്ക് കരിയില വിതറുക. ശേഷം അല്പം വെള്ളം തളിച്ച് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ചാക്കു നിറയുന്നതുവരെ ലെയർ തിരിച്ചു ചെയ്യുക. ഇത്തരത്തിൽ കെട്ടി സൂക്ഷിക്കുന്ന ചാക്കുകൾ അധികം വെയിൽ തട്ടാത്ത സ്ഥലത്ത് വേണം വെക്കുവാൻ. നാലു മാസത്തോളം എടുക്കും ഇത്തരത്തിൽ വച്ചിരിക്കുന്ന കരിയില കമ്പോസ്റ്റ് ആയി മാറുവാൻ. നാലു മാസത്തിനു ശേഷം ചാക്ക് അഴിച്ച് നോക്കിയാൽ കരിയില എല്ലാം നന്നായി പൊടിഞ്ഞു കമ്പോസ്റ്റ് ആയി മാറിയത് കാണാൻ സാധിക്കും.






