KeralaNEWS

മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്‍. പ്രസംഗം സംബന്ധിച്ച് നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ  ധാരണ.

ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സാം സ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശമുണ്ടായത്.

Signature-ad

സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍റെ പരാമർശം. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നതെന്നും അന്ന് സജി ചെറിയാൻ പ്രസംഗിച്ചു. തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വച്ചായിരുന്നു പരാമ‍ര്‍ശം. പിന്നാലെ പരാമർശം വലിയ വിവാദമാകുകയും സജി ചെറിയാന്‍റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.

Back to top button
error: