മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനുപിന്നില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സത്താറ ജില്ലയിലെ വാഡെയിലാണ് സംഭവം. ബി.ജെ.പി. നേതാവും മുന്‍ എം.എല്‍.എയുമായ കണ്ടത്തായ് നലവാഡെയുടെ വീടിന് സമീപത്തുനിന്നാണ് ഭാഗികമായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട് കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
വീട്ടുപരിസരം ശുചിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. പോലീസ് അന്വേഷണം നടത്തിയെങ്കിലും മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ടെത്തിയ സംഭവവുമായി മുന്‍ എം.എല്‍. എയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണശേഷമേ പറയാനാവൂ എന്നാണ് പോലീസ് അറിയിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
വീടുകളില്‍നിന്ന് അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്ത നിരവധി കേസുകളാണ് മഹാരാഷ്ട്രയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജൂണില്‍ സാംഗ്ലി ജില്ലയില്‍ സഹോദരങ്ങളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.