നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയ വി.കെ ബാബുവിന് ഒന്നും വിശ്വസിക്കാനാവുന്നില്ല. കേവലം മൂന്നോ നാലോ മണിക്കൂറിനിടയിൽ താൻ ലക്ഷാധിപതി. ലോട്ടറി വ്യാപാരിയായ പ്രമോദിൻ്റെ സത്യസന്ധതയാണ് ഉഴവൂർ പുഴോട്ടുതെക്കേപുത്തൻപുരയിൽ വി.കെ ബാബുവിനെ ലക്ഷാധിപതിയാക്കിയത്. ഇന്നലെ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.
ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണിൽ വിളിച്ച് 12 ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ബാബു പറഞ്ഞ നമ്പറുകളിലുള്ള ടിക്കറ്റ് അപ്പോൾ തന്നെ പ്രമോദ് മാറ്റിവയ്ക്കുകയും ചെയ്തു. വൈകിട്ട് ആ ടിക്കറ്റുകളിലൊന്നിന് സമ്മാനം കിട്ടിയ വിവരം പ്രമോദാണു ബാബുവിനെ അറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ബാബു ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു.