NEWSWorld

സൗദി അറേബ്യയിലെ മഞ്ഞ് പുതച്ച മലനിരകൾ കാണാൻ സന്ദർശക പ്രവാഹം

റിയാദ്: സൗദി അറേബ്യയിൽ കൊടും ശൈത്യം. മഞ്ഞ് പുതച്ച് മലനിരകൾ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലെ അൽലൗസ് മല മഞ്ഞുവീഴ്ചയാൽ വെള്ളപുതച്ച കാഴ്ച സന്ദർശകർക്ക് കൗതുകമായി. സൗദിയുടെ വിവിധ മേഖലകൾ ശൈത്യത്തിന്റെ പിടിയിലമർന്നതോടെയാണ് അൽലൗസ് മലയുടെ ഉയരങ്ങളിൽ ചാറ്റൽ മഴയോടൊപ്പമുണ്ടായ മഞ്ഞുവീഴ്ചയുണ്ടായത്. ഒരോ വർഷവും ശൈത്യകാലത്ത് അൽലൗസ് മല മുകളിൽ മഞ്ഞുവീഴ്ചയുണ്ടാവുന്നത് പതിവാണ്.

Signature-ad

ഈ സമയമാകുമ്പോൾ നിരവധി പേരാണ് മഞ്ഞുവീഴ്ചയുടെ കാഴ്ചകള്‍ കാണാനും തണുത്ത കാലാവസ്ഥ ആസ്വദിക്കാനും എത്താറുള്ളത്. ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് ഞായറാഴ്ച മുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. നിരവധി പേരാണ് മഞ്ഞുവീഴ്ച കാണാൻ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മലച്ചെരുവുകളിലെത്തിയത്. അവർ അൽലൗസ് മലയിലെ മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ കാമറകളിൽ ഒപ്പിയെടുത്ത് സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു. മഞ്ഞുവീഴ്ചയുടെ വിവരമറിഞ്ഞ് പ്രദേശത്ത് ധാരാളം ആളുകളെത്തുമെന്നതിനാൽ മലകളിലേക്കുള്ള റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ മുൻകരുതലെടുക്കണമെന്ന് നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

തബൂക്ക് മേഖലയിൽ ബുധനാഴ്ച വരെ നേരിയ മഴയും ഉയർന്ന പ്രദേശങ്ങളായ ജബലു ലൗസ്, അലഖാൻ, ദഹ്ർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും താപനില മൈനസ് ഡിഗ്രിയിലേക്ക് വരെ എത്തുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ട്. കടലിൽനിന്ന് ഏകദേശം 2,500 മീറ്റർ ഉയരമുള്ള അൽലൗസ് മല സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ ഒന്നാണ്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയുണ്ടാകുകയും ധാരാളം സന്ദർശകരെത്തുകയും ചെയ്യുന്ന സൗദി അറേബ്യയിലെ അറിയപ്പെട്ട പ്രദേശമാണിത്.

Back to top button
error: