കോട്ടയം: പോക്സോ ഇരകളെ കൊണ്ട് കക്കൂസ് ഉൾപ്പെടെ വൃത്തിയാക്കിച്ചെന്ന് പരാതിയുയർന്ന കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി. പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്നാണ് നടപടി. നടത്തിപ്പുകാരായ എൻ.ജി.ഒയെ ഒഴിവാക്കാനും നിർദേശം. പോക്സോ ഇരകൾ ചാടിപോയ സംഭവമുണ്ടായ കോട്ടയത്തെ നിർഭയ കേന്ദ്രമാണ് പൂട്ടിയത്. വനിത ശിശു വികസന വകുപ്പാണ് സ്ഥാപനം പൂട്ടാൻ ഉത്തരവിട്ടത്. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻ ജി ഒ യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശിച്ചു. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻ ജി ഒ യെ കണ്ടെത്താനും വനിത ശിശു വികസന ഡയറക്ടർ നിർദ്ദേശിച്ചു.
ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട വിവരം പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിഞ്ഞത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമായിരുന്നു കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇത് വിവാദമായിരുന്നു. തുടർന്നാണ് വനിത ശിശു വികസന വകുപ്പ് ഡയറക്ടറുടെ നടപടിയുണ്ടായത്.