CrimeNEWS

സീരിയല്‍ നടി തുനിഷയുടെ മരണത്തിന് പിന്നില്‍ ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രി; നിഷേധിച്ച് പോലീസ്

മുംബൈ: സീരിയല്‍ നടി തുനിഷയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദെന്ന് മഹാരാഷ്ട്രയിലെ മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജന്‍. പോലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ‘ലൗ ജിഹാദി’നെതിരേ കര്‍ശനമായ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും മഹാജന്‍ പറഞ്ഞു.

നടി തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഗിരീഷ് മഹാജന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

Signature-ad

എന്നാല്‍, സംഭവത്തിനു പിന്നില്‍ ലൗ ജിഹാദെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഷീസാന്റെയും തുനിഷയുടെയും ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും എ.സി.പി ചന്ദ്രകാന്ത് യാദവ് വ്യക്തമാക്കി.

തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി സ്വയം ജീവനൊടുക്കിയതെന്നും എ.സി.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരേ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

‘അലിബാബ: ദസ്താന്‍ ഇ-കാബുള്‍’ എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: