ഉത്തർപ്രദേശിൽ കനത്ത ജാഗ്രത
ന്യൂഡൽഹി: ചൈനയിൽ നിന്ന് തിരിച്ചെത്തിയ ആഗ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാരക വ്യാപനശേഷിയുള്ള ബി.എഫ് 7- വകഭേദം ആണോ എന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വകഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തും. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ 7 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.
നേരത്തെ, ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയിലാണ് രാജ്യം. വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്സിനേഷനിലൂടെയോ ആർജിത പ്രതിരോധശേഷിയിലൂടെയോ ഈ വകഭേദത്തിന്റെ വ്യാപനത്തെ എളുപ്പത്തിൽ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.