തിരുവനന്തപുരം: ക്രിസ്മസ് കഴിഞ്ഞെ ങ്കിലും സർക്കാരിനും ഗവർണർക്കുമിടയിലെ മഞ്ഞുരുകിയില്ല, പുതു വർഷത്തിലും ഏറ്റുമുട്ടൽ തുടരാൻ സർക്കാരും ഗവർണറും. നയപ്രസംഗം മേയിലേക്ക് നീട്ടാനുള്ള ശ്രമത്തിലാണു സർക്കാർ . അതേസമയം ചാൻസലർ ബിൽ രാഷ്ട്രപതിക്കു അയയ്ക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണറും .
ബജറ്റ് അവതരണം ജനുവരി അവസാന വാരം നടത്തി ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാനാണ് സർക്കാരിൻ്റെ ആലോചന. കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാരിൻ്റെ നീക്കം. സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സർക്കാർ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ധനമന്ത്രി കെഎൻ ബാലഗോപാൽ ഇതിനോടകം ബജറ്റ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കി വരികയാണ്. നിയമസഭാസമ്മേളനത്തിൻ്റെ കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും എന്നാണ് സൂചന.