FeatureLIFE

‘സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ,’ 70 കളിലെയും 80 കളിലെയും ക്രിസ്ത്യൻ ഭക്തിഗാനങ്ങളെ ഓർക്കുമ്പോൾ

♦സുനിൽ കെ. ചെറിയാൻ

‘കർത്താവേ കനിയണമേ, മിശിഹായേ കനിയണമേ’ ആണ് ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ആദ്യം സൂപ്പർഹിറ്റായ പാട്ട്. 1970 ൽ റിലീസായ ‘ക്രിസ്‌തീയ ഭക്തിഗാനങ്ങൾ’ എന്ന ആൽബത്തിലേതാണ് ആ പാട്ട്. എം.കെ. അർജ്ജുനൻ സംഗീതം. ഫാദർ ആബേലിന്റെ വരികൾ പാടിയത് ജോളി അബ്രഹാം. തുടർന്നിങ്ങോട്ട് സൗരഭ്യ പൂർണമായ ഓർമ്മകൾ സമ്മാനിച്ച് പല തലങ്ങളിൽ നിന്നുമുള്ള പ്രതിഭാധനർ ഈ ഭക്തിഗാനശാഖയ്ക്ക് സമ്മാനിച്ചത് ഭക്തിയെ അവാച്യമായൊരു തലത്തിലേയ്ക്ക് എത്തിക്കാൻ പോന്ന ഗാനരത്നങ്ങളായിരുന്നു. ആ ഗാനങ്ങളിൽ ചിലത് ഓർക്കാൻ ശ്രമിക്കുന്നു.

Signature-ad

1973 ൽ അടുത്ത ഹിറ്റ് പിറന്നു. ‘വാഴ്ത്തുകയാണിവർ തിരുനാമം, അവിടുത്തെ തിരുനാമം’ എന്ന ഒഎൻവി- അർജ്ജുനൻ ഗാനം പാടിയത് രാജു ഫെലിക്‌സും സംഘവും. പിറ്റേ വർഷം യേശുദാസ് എച്ച്.എം.വി സരിഗമ കമ്പനിയുടെ ലേബലിൽ ‘രാജാക്കന്മാരുടെ രാജാവ്’ എന്ന ആൽബം അവതരിപ്പിച്ചു. പീറ്റർ റൂബൻ, കോട്ടയം ജോയ്, കെകെ ആന്റണി എന്നിവരായിരുന്നു സംഗീത സംവിധായകർ. ‘കരുണ നിറഞ്ഞ പിതാവേ’, ‘ആലയം ഉയർത്തി’, ‘ചൊല്ലുക നാം’ തുടങ്ങി ഈ ആൽബത്തിലെ 12 ഗാനങ്ങളും ഹിറ്റായിരുന്നു.

പി സുശീലയുടെ ‘യേശുവേ എൻ ജീവനാഥാ, ആശ്രയം നീ എന്നുമേ’ (രചനയും സംഗീതവും ജോയ് തോട്ടാൻ) ആയിരുന്നു 1975 -ലെ സമ്മാനം. എഴുപതുകളിലെ സൂപ്പർഹിറ്റ് ആൽബമായിരുന്നു ‘ഈശ്വരനെ തേടി’. ‘പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി’, ‘എഴുന്നള്ളുന്നു രാജാവ്’, ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി’ തുടങ്ങി അതിലെ 11 ഗാനങ്ങളും വൻ ഹിറ്റ്. ഫാദർ ആബേൽ-കെ.കെ ആന്റണി ടീമായിരുന്നു യഥാക്രമം രചനയും സംഗീതവും. ഈ ടീമിന്റെ തന്നെ ‘സ്നേഹത്തിൻ മലരുകൾ തേടി വരുന്നു ദൈവം’ (പാടിയത് വാണിജയറാം) മറ്റൊരു നല്ല ഗാനം.

1979 -ൽ ഇറങ്ങിയ കസറ്റാണ് ദൈവപുത്രൻ. ‘ബേത്ലെഹെമിലെ കാലിത്തൊഴുത്തിൽ’ (പാടിയത് വിൻസെന്റ് ഗോമസ്, ലിസി ജോസ്), ‘വിമലേ അംബികേ’ (യേശുദാസ്) തുടങ്ങിയവയായിരുന്നു ചില ഹിറ്റുകൾ. ഇതിലെ ഗാനങ്ങളും മറ്റ് ചില ഗാനങ്ങളും കൂട്ടിച്ചേർത്ത് ‘സത്യനായകാ’ എന്നൊരു ആൽബവും ഇറങ്ങി. സതീഷ്ബാബു പാടിയ ‘ബലവാനായ ദൈവമേ പരിശുദ്ധൻ’ അതിലെ പാട്ടാണ്.

1982 -ൽ വന്ന തരംഗിണി ആൽബമാണ് ‘തളിർമാല്യം’. ഫാദർ ജസ്റ്റിൻ പനയ്ക്കൽ സംഗീതം നൽകിയ പാട്ടുകൾ അതീവ ഹൃദ്യം. ‘മാനസത്തിൻ മണിവാതിൽ’, ‘നവ്യമാമൊരു കൽപന’ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം ആദ്യത്തെ ശ്രദ്ധേയമായ ക്രിസ്ത്യൻ സെമിക്ലാസ്സിക്കൽ ഗാനമെന്ന് പറയാവുന്ന ‘യേശുവേ വരദാന വാരിധേ’ യും ഉണ്ടായിരുന്നു. ബിച്ചു തിരുമല- ശ്യാം ടീമിന്റെ ‘പരിശുദ്ധഗാനങ്ങളാ’യിരുന്നു 1982 -ലെ മറ്റൊരു ഹൈലൈറ്റ്. ‘എൻ മനോഫലകങ്ങളിൽ’, ‘പുൽക്കുടിലിൽ കൽത്തൊട്ടിയിൽ’ തുടങ്ങിയവ ഇന്നും ആളുകൾ കരോക്കെ ഉപയോഗിച്ച് പാടുന്നു.

തരംഗിണി ‘സ്നേഹ’ സീരീസ് തുടങ്ങുന്നത് 1983 മുതൽക്കാണ്. ‘സ്നേഹപ്രവാഹം’ സർവകാല ഹിറ്റായി. സിസ്റ്റർ മേരി ആഗ്നസ് എഴുതിയ ‘പുതിയൊരു പുലരി വിടർന്നു’, ബ്രദർ ജോസഫ് പറംകുഴി എഴുതിയ ‘ദൈവം പിറക്കുന്നു’ തുടങ്ങിയ കരോൾ ഗാനങ്ങളുൾപ്പെടെ 12 ഗാനങ്ങളുടെയും സംഗീതം ഫാദർ ജസ്റ്റിൻ പനയ്ക്കൽ. തുടർന്നുള്ള വർഷങ്ങളിൽ സ്നേഹസന്ദേശം (1984), സ്നേഹമാല്യം (1985), സ്നേഹധാര (1986), സ്നേഹപ്രതീകം (1987), സ്നേഹരാഗം (1988), സ്നേഹദീപിക (1989), സ്നേഹപ്രകാശം (1990) എന്നീ ആൽബങ്ങൾ തരംഗിണിയുടെ വാർഷിക ഗാനോപഹാരങ്ങളായി ഭക്തരുടെ നെഞ്ചുകളിലേയ്ക്ക് ചേക്കേറി.

ആ ആൽബങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ചിലത് ചുവടെ:
1. രക്ഷകാ ഗായകാ
2. കാൽവരിമലയുടെ ബലിപീഠത്തിൽ
3. അനുഗ്രഹപ്പൂമഴ പൊഴിയൂ
4. യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
5. കനിയൂ സ്നേഹപിതാവേ
6. മനസാകുമെങ്കിൽ നിനക്കെന്നെ നാഥാ
7. നന്ദിയേകിടുവിൻ കരുണകളെ വാഴ്ത്തുവിൻ.

Back to top button
error: