കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. സബൈന്‍ ആശുപത്രിയിലാണ് ബന്ധുക്കള്‍ ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍മാരടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഗര്‍ഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും ആശുപത്രി അധികൃതരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്കുന്ന വിവരം. സംഘര്‍ഷത്തില്‍ 15 പേര്‍ക്കെതിരേ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗര്‍ഭസ്ഥ ശിശു മരിച്ചതായി സ്കാനിങില്‍ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
എന്നാല്‍, സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.