നാവിൽ കൊതിയൂറും രുചിമേളമാണ് ഓരോ ക്രിസ്മസ് കാലവും സമ്മാനിക്കുന്നത്. ബീഫും പോർക്കും കോഴിയും മട്ടൺ വിഭവങ്ങളും മീനും ഉൾപ്പെടെയാണ് ആഘോഷത്തിനായി തയാറാക്കുക. ഓരോ തവണയും വെറൈറ്റി രുചികൂട്ടുകൾ തീന്മേശയിലെത്തിക്കാൻ പലരും ശ്രദ്ധിക്കാറുമുണ്ട്. കേരളത്തിലെ ക്രിസ്മസ് വിരുന്നില്‍ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ് ഇതിന്റെ പാചക രീതി. രുചിയും അതിനനുസരിച്ച് മാറും. ഈ ക്രിസ്മസിന് നിങ്ങള്‍ക്കും തയാറാക്കാം നല്ല കിടിലന്‍ കേരള സ്റ്റൈല്‍ ബീഫ് വിന്താലൂ. അതിനായുള്ള റെസിപ്പി ഇതാ…
ആവശ്യമുള്ള ചേരുവകള്‍
- ബീഫ് – 1 കിലോ
- സവാള ചെറുതായി അരിഞ്ഞത് – 1 വലുത്
- ചെറിയുള്ളി – 3-4
- കറിവേപ്പില – ആവശ്യത്തിന്
- പച്ചമുളക്-1
- ഉപ്പ് – പാകത്തിന്
- പഞ്ചസാര – 1 ടീസ്പൂണ്‍
- വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
- ചുവന്ന മുളക് – 4-5
- കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
- കുരുമുളക് – 1 1/2 ടീസ്പൂണ്‍
- ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തിലുള്ള കഷണം
- വെളുത്തുള്ളി – 6-8 അല്ലി
- ജീരകം – 1/2 ടീസ്പൂണ്‍
- പെരുംജീരകം – 1 ടീസ്പൂണ്‍
- ഉലുവ – 1/2 ടീസ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- കറുവപ്പട്ട – 2 കഷണം
- ഗ്രാമ്പൂ – 8
- ഏലക്ക – 2
- വിനാഗിരി – 1/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മുളക്, കടുക്, പെരുംജീരകം, കുരുമുളക്, ഉലുവ, ജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലം എന്നിവ ചേര്‍ക്കുക. വിനാഗിരി ചേര്‍ത്ത് 10 മിനിറ്റ് മുക്കിവയ്ക്കുക. ഈ മിശ്രിതം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി പേസ്റ്റ് ആക്കുക. കാശ്മീരി മുളകുപൊടി മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് ഉപയോഗിച്ച് ബീഫ് മാരിനേറ്റ് ചെയ്യുക. ചെറിയുള്ളി, കറിവേപ്പില, ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്യാന്‍ വയ്ക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഉള്ളി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. മാരിനേറ്റ് ചെയ്ത ബീഫ് ചേര്‍ത്ത് 8-10 മിനിറ്റ് ചെറുതായി ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഒരു കപ്പ് വെള്ളം ഒഴിച്ച് എണ്ണ നീങ്ങി ബീഫ് മൃദുവാകുന്നതു വരെ വേവിക്കുക. ഇടത്തരം ചൂടില്‍ ഏകദേശം ഇരുപത് മിനിറ്റ് സമയം എടുത്തേക്കും. രുചി ബാലന്‍സ് ചെയ്യാന്‍ വേണമെങ്കില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കാം. ഉപ്പ് പരിശോധിച്ച് കുറച്ച് കറിവേപ്പില ചേര്‍ക്കുക. ഗ്രേവി കട്ടിയാകാന്‍ വിടുക. ബീഫ് വിന്താലു തയാര്‍. ഇനി ഇത് ചോറിനോടോ ചപ്പാത്തിയോടോ അപ്പത്തിന്റെയോ കൂടെ കഴിക്കാം.