KeralaNEWS

കൊടി തോരണങ്ങൾ നീക്കംചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാലെ പോകരുതെന്നും ഹൈക്കോടതി

കൊച്ചി: റോഡിലെ ഡിവൈഡറില്‍ നിന്ന് തോരണം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തില്‍ തൃശൂര്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈകോടതിയുടെ വിമര്‍ശനം. അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ പോകരുത്. പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന കോടതി നിര്‍ദേശം സെക്രട്ടറി എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോടതി ഉത്തരവ് നടപ്പാക്കാത്ത സംഭവത്തില്‍ തൃശൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പബ്ലിസിറ്റിക്ക് വേണ്ടി ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് രാഷ്ര്ടീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പി.ഡബ്ല്യൂ.ഡി റോഡിലാണ് അപകടമുണ്ടായതെന്നും അപകടമുണ്ടാക്കിയ തോരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ത്യശൂര്‍ നഗരസഭ സെക്രട്ടറി രാഗേഷ് കുമാര്‍ കോടതിയെ അറിയിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് രാഷ്ര്ടീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അവസാനിപ്പിക്കണം. വിദേശരാജ്യങ്ങളിലെല്ലാം ഇലക്രേ്ടാണിക് മീഡിയവഴിയാണ് ഇത്തരം പരസ്യങ്ങള്‍. പൊതുജനങ്ങളുടെ ജീവന് വിലയില്ലാതെയാണ് ബാനറുകളും കൊടി തോരണങ്ങളും സ്ഥാപിക്കുന്നതെന്നു കോടതി വ്യക്തമാക്കി.

Signature-ad

റോഡിലെ കൊടി തോരണങ്ങളില്‍ തട്ടി അപകടം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വീടിന് തന്നെയാണ് നഷ്ടം. ആരും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല. കേരളത്തിലാണ് ഇത്തരത്തില്‍ റോഡുകളില്‍ കൊടി തോരണങ്ങള്‍ നിറയുന്നത്. പൊതു നിരത്തുകളില്‍ അനധികൃതമായി കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി തൃശൂര്‍ സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കിസാന്‍സഭയുടെ സമ്മേളനത്തോടനുബന്ധിച്ചു കെട്ടിയ തോരണങ്ങളാണ് തൃശൂരില്‍ അപകടമുണ്ടാക്കിയത്. പാതയോരങ്ങളിലും മീഡിയനുകളിലും തോരണങ്ങള്‍ കെട്ടുന്ന ചരട് ഇരുചക്രവാഹന, കാല്‍നട യാത്രക്കാരുടെ ജീവന് ഭീഷണിയാവുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇത്തരം തോരണങ്ങളും ബാനറുകളുമൊക്കെ നീക്കാനും നടപടിയെടുക്കാനും പ്രാദേശികതല സമിതികളും മേല്‍നോട്ടത്തിന് ജില്ലാതല സമിതികളും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും തൃശൂരില്‍ ഇത്തരമൊരു സംഭവമുണ്ടായത് ഗൗരവതരമായ വിഷയമാണന്നും കോടതി വ്യക്തമാക്കിയിരുന്നു.

Back to top button
error: