IndiaNEWS

വായ്പതട്ടിപ്പ്: ഐസിഐസിഐ ബാങ്ക് മുൻ സി ഇ ഒ ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ, നടപടി വീഡിയോകോൺ തട്ടിപ്പ്‌ കേസിൽ

മുംബൈ: വീഡിയോകോൺ വായ്പ തട്ടിപ്പ്‌ കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സി ഇ ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിൽ. ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിലാണ് സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന കേസിലാണ് ചന്ദ കൊച്ചാര്‍ അഴിമതി ആരോപണം നേരിട്ടത്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിക്കുന്നതിനുള്ള സമിതിയില്‍ ചന്ദ കൊച്ചാര്‍ അംഗമായിരുന്നു. എന്നാല്‍, വീഡികോൺ മേധാവി വേണുഗോപാല്‍ ധൂതും തന്‍റെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ ചന്ദ ബാങ്കില്‍നിന്ന് മറച്ചുവച്ചു. സ്വകാര്യ താല്‍പര്യങ്ങള്‍ ബാങ്കിന്‍റെ തീരുമാനത്തെ സ്വാധീനിച്ചെന്നും പരാതി ഉയർന്നിരുന്നു. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പ കിട്ടാക്കടമാകുകയും ചെയ്തു.

2018 മാര്‍ച്ചിലാണ് ചന്ദയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ അവര്‍ ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനത്ത് നിന്ന് രാജി വെച്ചു. കേസുമായി ബന്ധപ്പെട്ട് ഇവരുടെ 78 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ധൂത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. കളളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ദീപക് കൊച്ചാറുമായി ചേര്‍ന്ന് വേണുഗോപാല്‍ ധൂത്ത് ഒരു കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നും തുടര്‍ന്ന് സ്വത്തുക്കള്‍ ദീപക് കൊച്ചാറിന്റെ പേരിലേക്ക് മാറ്റിയെന്നും ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വായ്പാ തട്ടിപ്പ് അഴിമതി പുറത്തായത്.

Back to top button
error: