CrimeNEWS

ഹോംസ്‌റ്റേയിലെ അനാശാസ്യം ചോദ്യംചെയ്തു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സി.ഐ.ടി.യുക്കാരന്റെ മര്‍ദനം

ആലപ്പുഴ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ സി.ഐ.ടി.യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്നു മര്‍ദിച്ചതായി പരാതി. ആലപ്പുഴ മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല്‍ നന്മ റസിഡന്റ്സ് അസോസിയേഷന്‍ ഖജാന്‍ജിയുമായ സോണി ജോസഫിനാണു (37) മര്‍ദനമേറ്റത്. നെഞ്ചിനും നടുവിനും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ അഗ്നിരക്ഷാനിലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്ന് സൗത്ത് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.ഹോം സ്റ്റേ നടത്തിപ്പുകാരനും സി.പി.എം. തിരുമല ബി ബ്രാഞ്ച് കമ്മറ്റി അംഗമായ തിരുമല പോഞ്ഞിക്കരയില്‍ ടി.എ. സുധീര്‍, ഇയാളുടെ സഹായി സുനി എന്നിവരെയാണ് പിടികൂടിയത്.

Signature-ad

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു സംഭവം. ഇന്നലെ വൈകിട്ട് ഹോംസ്റ്റേയ്ക്ക് സമീപം ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനാശാസ്യപ്രവര്‍ത്തനത്തിനെതിരേ പ്രതിഷേധ പരിപാടി നടക്കാനിരിക്കുകയായിരുന്നു. ഇതിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് അവിടെയെത്തിയപ്പോഴാണ് സോണിയെ സുധീറും സുനിയും ചേര്‍ന്ന് മര്‍ദിച്ചത്. സോണിയെ ചവിട്ട് താഴെയിട്ട് മര്‍ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സോണിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഹോംസ്റ്റേയില്‍ പെണ്‍വാണിഭസംഘങ്ങള്‍ താവളമടിക്കുകയും സ്ത്രീകളെ അവിടെ താമസിപ്പിച്ച് ഇടപാട് നടത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അന്നു വാര്‍ഡ് കൗണ്‍സിലറും റെസിഡന്റ്‌സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഹോംസ്റ്റേ പൂട്ടിച്ചു. അന്നത്തെ പ്രതിഷേധങ്ങളുടെ മുന്നില്‍ സുധീറുമുണ്ടായിരുന്നു. തുടര്‍ന്നാണ് സി.ഐ.ടി.യു മുന്‍ കണ്‍വീനര്‍കൂടിയായ സുധീര്‍ ഹോംസ്റ്റേ ഏറ്റെടുത്തത്. എന്നാല്‍, നടത്തിപ്പുകാര്‍ മാറിയെന്നതല്ലാതെ കേന്ദ്രത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവുണ്ടായില്ല. കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഭാരവാഹികള്‍ സുധീറിനെ നേരില്‍ക്കണ്ട് താക്കീത് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം സോണി ജോസഫിനെ അക്രമിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.

 

 

 

 

Back to top button
error: