KeralaNEWS

റബ്ബർ മേഖലയിൽനിന്ന് പിൻവാങ്ങി കേന്ദ്രം, കർഷകരെ അണിനിരത്തി പ്രക്ഷോഭത്തിന് സി.പി.എം.

ബഫര്‍സോണിനെ റബര്‍ കൊണ്ട് നേരിടാൻ നീക്കം 

തിരുവനന്തപുരം: റബ്ബർ മേഖലയിൽനിന്ന് പിൻവാങ്ങാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കർഷകരെ അണിനിരത്തി പ്രക്ഷോഭത്തിന് സി.പി.എം. കർഷക കൂട്ടായ്മയുടെ പേരിൽ നടക്കുന്ന സമരങ്ങൾക്ക് സി പി എം പൂർണ പിന്തുണ നൽകും. ബഫര്‍സോണുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെ റബര്‍ കര്‍ഷകരെ മുന്‍നിര്‍ത്തി നേരിടാന്‍ കൂടിയാണ് സി.പി.എം. നീക്കം. അതുവഴി ക്രിസ്ത്യൻ സഭകളെയും യു ഡി എഫിനേയും കേന്ദ്രത്തിനെതിരെ തിരിയാൻ നിർബന്ധിതരണക്കാമെന്നും സി പി എം കണക്കുകൂട്ടുന്നു.

റബറുമായി ബന്ധപ്പെട്ട മേഖലകളില്‍നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയില്‍ ഇടപെടലിന് സി.പി.എം. തീരുമാനിച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തുന്ന കണ്‍വന്‍ഷനില്‍ ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും. കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റബര്‍ കര്‍ഷകരുടെ കൂട്ടായ്മ എന്ന രീതിയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘടനയ്ക്ക് സി.പി.എം. പൂര്‍ണ പിന്തുണ നല്‍കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Signature-ad

റബര്‍ കര്‍ഷകരുടെ ജീവിതത്തിലെ ഏറ്റവും വലിയ കറുത്ത ദിനമാണെന്ന് എം .വി. ഗോവിന്ദന്‍ പറഞ്ഞു. റബറുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇനി സര്‍ക്കാര്‍ തലത്തില്‍ വേണ്ട എന്നു ബി.ജെ.പി. സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ട് അതിനെതിരേ ഒരക്ഷരം കോണ്‍ഗ്രസോ മാധ്യമങ്ങളോ മിണ്ടുന്നില്ല. റബറിന് നല്‍കികൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യവും റദ്ദാക്കുകയാണ്. ഇതിനെതിരേയാണ് എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് വിപുലമായ ഒരു കണ്‍വന്‍ഷന്‍ കോട്ടയത്ത് ചേരുന്നത്. റബര്‍ കര്‍ഷകരാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. അതിന് സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. എല്ലാതരം റബര്‍ കര്‍ഷകരെയും ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അത് അംഗീകരിക്കാനാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബഫര്‍സോണില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നല്‍കിയ ശിപാര്‍ശപ്രകാരം 12 കിലോമീറ്റര്‍ ബഫര്‍സോണായി നിശ്ചയിച്ചത് മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. മുഖ്യമന്ത്രി ഇക്കാര്യം കഴിഞ്ഞദിവസം വെളിപ്പെടുത്തിയതോടെ എല്ലാം പൊളിഞ്ഞു. വിഴിഞ്ഞം പ്രശ്‌നം പൊക്കിക്കൊണ്ടുവന്ന് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിച്ചതുപോലെയാണ് ബഫര്‍സോണ്‍ വിഷയത്തിലും യു.ഡി.എഫ്. ശ്രമിച്ചത്. എന്നാല്‍, അത് അവെരത്തന്നെ തിരിഞ്ഞുകൊത്തി. യു.ഡി.എഫിന്റെ ശിപാര്‍ശയ്ക്ക് എതിരായി ജനങ്ങളുടെ ആശങ്ക പരിഹരിച്ച് ഭാവിയില്‍ ബഫര്‍സോണ്‍ ആകാന്‍ സാധ്യതയുള്ളതുപോലും ഒഴിവാക്കാനുള്ള നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദന്‍ അവകാശപ്പെട്ടു.

Back to top button
error: