സുൽത്താൻബത്തേരി: താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക… ഇന്ന് മുതൽ ചുരത്തിൽ യാത്രനിയന്ത്രണം ഉണ്ട്. കൂറ്റന്‍ യന്ത്രങ്ങളുമായി മൂന്ന് മാസത്തിലേറെയായി കോഴിക്കോട് അടിവാരത്ത് തടഞ്ഞിട്ടിരിക്കുന്ന കൂറ്റൻ ട്രെയിലറുകൾ ഇന്ന് രാത്രി താമരശ്ശേരി ചുരം കയറും. രാത്രി അടിവാരം മുതൽ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസുകൾക്ക് മാത്രമാണ് അടിയന്തര യാത്രനുമതി.
കർണാടക നഞ്ചൻഗോഡിലെ നെസ്‌ലെ കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി സെപ്റ്റംബർ 10നാണ് ട്രെയിലറുകൾ അടിവാരത്തെത്തിയത്. ചുരംവഴി പോകുന്നത് ഗതാഗതതടസ്സമുണ്ടാക്കുമെന്നതിനാൽ ജില്ലാ ഭരണകൂടം യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ചർച്ചകൾക്കൊടുവിൽ 3 മാസത്തിന് ശേഷമാണ് ട്രെയിലറുകൾ ചുരം കയറാനൊരുങ്ങുന്നത്. ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ നൽകിയതിന് ശേഷമാണ് യാത്രാനുമതി നൽകിയത്.