NEWSWorld

ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു, 30ഓളം പേരെ വകവരുത്തിയ ശോഭരാജിൻ്റെ കഥ വായിക്കൂ

   ലോകം ഞെട്ടലോടെയാണ് ചാള്‍‍സ് ശോഭരാജിൻ്റെ കഥ കേൾക്കുന്നത്. 19 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം സീരിയല്‍ കില്ലര്‍ ചാള്‍‍സ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാള്‍ സുപ്രിംകോടതി ഇന്നലെ ഉത്തരവിറക്കി. ജസ്റ്റിസുമാരായ സപാന പ്രധാൻ മല്ല, തിലക് പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ സംയുക്ത ബെഞ്ചാണ് 78 കാരനായ ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതങ്ങളില്‍ പ്രതിയായ ശോഭരാജ് 2003ലാണ് അറസ്റ്റിലാവുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കാഠ്മണ്ഡു ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരുകയായിരുന്നു. പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഇപ്പോൾ കോടതി മോചിപ്പിക്കുന്നത്.

പ്രശ്‌നകരമായ ബാല്യത്തിനും ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഫ്രാന്‍സില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചതിനും ശേഷം, 1970കളുടെ തുടക്കത്തില്‍ ശോഭരാജ് ലോകംചുറ്റി തായ് തലസ്ഥാനമായ ബാങ്കോക്കില്‍ താമസം തുടങ്ങി. മയക്കുമരുന്ന് നല്‍കി കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഇയാൾ അതിന് മുമ്പ് ഇരകളെ ആകര്‍ഷിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.

Signature-ad

1975ല്‍ പട്ടായ കടല്‍ത്തീരത്ത് ബിക്കിനി ധരിച്ച നിലയില്‍‍ ഒരു അമേരിക്കന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇതിനു പിന്നില്‍ ശോഭരാജാണെന്നും വ്യക്തമായി. അതായിരുന്നു ആദ്യമായി ശോഭരാജ് പ്രതിയായ കേസ്. ഇരകളെ കഴുത്ത് ഞെരിച്ചോ തല്ലിയോ കൊലപ്പെടുത്തുകയും തുടർന്ന് കത്തിക്കുകയുമാണ് ഇയാളുടെ രീതി. തന്റെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ ഇയാള്‍ പലപ്പോഴും ഇരകളായ പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്നു.

1976ല്‍ ഒരു ഫ്രഞ്ച് വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ ശോഭരാജ് ഇന്ത്യയില്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നടന്ന ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 12 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ 1986ല്‍ രക്ഷപ്പെട്ടു. പക്ഷേ ഗോവയില്‍ നിന്ന് വീണ്ടും പിടിക്കപ്പെട്ടു. ഈ കേസില്‍ 1997ല്‍ ജയില്‍ മോചിതനായ ശോഭരാജ് പാരീസിലേക്ക് തിരിച്ചുപോയി. എന്നാല്‍ 2003ല്‍‍ നേപ്പാളിലേക്ക് വണ്ടി കയറി. കാഠ്മണ്ഡുവിലെത്തിയ ഇയാൾ വിനോദ സഞ്ചാരികളെ കൊന്ന കേസില്‍‍ അറസ്റ്റിലാവുകയുമായിരുന്നു.

1975 ല്‍ തന്നെ അമേരിക്കന്‍ വിനോദസഞ്ചാരിയായ കോണി ജോ ബ്രോന്‍സിച്ചിനെ കൊലപ്പെടുത്തിയതിന് അടുത്ത വര്‍ഷം അവിടെയുള്ള ഒരു കോടതി ചാള്‍സിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ബ്രോന്‍‍സിച്ചിന്റെ കനേഡിയന്‍ സഹയാത്രികനെ കൊലപ്പെടുത്തിയതിനും ചാള്‍സിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2008ല്‍ ജയിലിലായിരിക്കെ, നേപ്പാളിലെ അഭിഭാഷകന്റെ മകളും തന്നേക്കാള്‍ 44 വയസ് ഇളയതുമായ നിഹിത ബിശ്വാസിനെ ശോഭരാജ് വിവാഹം കഴിച്ചു.

സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ചാൾസ് ശോഭരാജിന് എന്നുമുണ്ടായിരുന്നു. കൊടുംകുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞ ശേഷവും ജയിലിൽക്കിടന്ന ചാൾസ് രണ്ടു വട്ടം പ്രേമവിവാഹത്തിലൂടെ പുതിയ കാമിനിമാരെ സമ്പാദിച്ചു. ‘ബിക്കിനി കില്ലർ’ എന്ന് ചാൾസിന് പേരു വീണത് പ്രണയം നടിച്ചു നടത്തിയ കൊലപാതകങ്ങളിലൂടെ തന്നെ. 1960 കളുടെ ഒടുവിൽ ഹിപ്പിസംസ്കാരത്തിന്റെ ചുവടുപിടിച്ചെത്തിയ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കിയാണ് ചാൾസ് കൊലപാതക പരമ്പര തുടങ്ങുന്നത്.

പട്ടായ തീരത്ത് 1970 കളുടെ തുടക്കത്തിൽ വിദേശികൾ തുടർച്ചയായി കൊല്ലപ്പെടുന്നു. അവരുടെ ഹോട്ടൽ മുറി പരിശോധിച്ച പൊലീസ് ഒരു സമാനത കണ്ടെത്തി. എല്ലാവരുടെയും പക്കലുണ്ടായിരുന്ന വിദേശ കറൻസികളും പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട 21 വയസുകാരിയായ ഒരു പെൺകുട്ടിയെ തിരിച്ചറിഞ്ഞു: സ്റ്റെഫാനി ഷാൽമേൻ കാരു. ആഴ്ചകൾക്കു മുൻപു തായ്‌ലൻഡിൽ കാണാതായ വിറ്റാലി ഹക്കിം എന്ന കാമുകനെ അന്വേഷിച്ച് ഇറങ്ങിയതാണു സ്റ്റെഫാനി എന്ന ഫ്രഞ്ചു പെൺകുട്ടി. ജൂതനായ കാമുകനു പിന്നാലെ സ്റ്റെഫാനിയും കൊല്ലപ്പെട്ടു.

കൊലയാളിയെ കണ്ടെത്താൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. കേസ് പഠിച്ച ഇന്റർപോൾ മരിച്ച 2 യുവതികളുടെ ചിത്രങ്ങളിൽ അപൂർവമായ ഒരു കാര്യം ശ്രദ്ധിച്ചു: സ്റ്റെഫാനിയുടെ മാറിടത്തിന്റെ ഭാഗത്തു വൃത്താകൃതിയിൽ ഒരു ഒറ്റരൂപാ വലുപ്പത്തിൽ തുണി വെട്ടിമാറ്റിയിരുന്നു.

മാസങ്ങൾക്കു മുൻപ് ചൂണ്ടയിൽ കുരുങ്ങിയ നിലയിൽ ബിക്കിനി ധരിച്ച മറ്റൊരു യുവതിയുടെ മൃതദേഹം പൊലീസിനു കിട്ടി, തെരേസ നോൾട്ടൺ എന്ന അമേരിക്കക്കാരി. അവിടെയും വൃത്താകൃതിയിൽ ഒറ്റരൂപ വലുപ്പത്തിൽ തുണി വെട്ടി മാറ്റിയിരുന്നു.

രണ്ടു മരണങ്ങൾക്കു പിന്നിലും മനോവൈകൃതമുള്ള ഒരു കൊലയാളിയുടെ മുഖം ഇന്റർപോൾ കണ്ടെത്തി. ഇതേകാലത്ത് തായ്‌ലൻഡിലും നേപ്പാളിലും വിദേശികളായ 12 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടിരുന്നു. ആൾമാറാട്ടം നടത്തി ലോകമാകെ സഞ്ചരിക്കുന്ന കൊലയാളിയിലേക്ക് അന്വേഷണം നീണ്ടു. കുപ്രസിദ്ധനായ ആ രാജ്യാന്തര കൊലയാളിയെ ഒടുവിൽ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസാണ്; ഹത്ചന്ദ് ബാനോനി ഗുരുമുഖ് ചാൾസ് ശോഭരാജ് ആയിരുന്നു അത്.

മുപ്പതിലേറെ കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പലതും തെളിവില്ലാത്തതിനാൽ കേസ് എങ്ങുമെത്താതെ പോയി. ഇന്നത്തെപ്പോലെ ആധുനികമായ വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാത്ത കാലത്താണ് ശോഭരാജ് തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്.

ഡൽഹിയിലെ തിഹാർ ജയിലിൽ ശോഭരാജ് മറ്റൊരു സാമ്രാജ്യം സൃഷ്ടിച്ചു. പോക്കറ്റിൽ കരുതിയ ടേപ്പ് റെക്കോർഡറിലൂടെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ജയിൽ ജീവനക്കാരെ ശോഭരാജ് ബ്ലാക്ക്മെയിൽ ചെയ്തു. ജയിൽ വളപ്പിൽ സ്യൂട്ടും കോട്ടുമിട്ടു സിഗരറ്റ് വലിച്ചു നടന്ന ശോഭരാജിനെക്കുറിച്ച് പിൽക്കാലത്ത് അന്നത്തെ സൂപ്രണ്ടായിരുന്ന സുനിൽ ഗുപ്ത എഴുതിയിട്ടുണ്ട്. ജയിലിൽ ജോലിക്കെത്തിയ ആദ്യ കാഴ്ചയിൽ ഏതോ വിഐപി സന്ദർശനത്തിനെത്തിയതാണ് എന്നാണ് സൂപ്രണ്ട് കരുതിയത്.
പണം വേണ്ടവർക്ക് യഥേഷ്ടം നൽകിയിരുന്നു ഇയാൾ.

ഭരണഘടനയെയും ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും കുറിച്ചുള്ള പുസ്തകങ്ങളും സിഡ്നിഷെൽഡന്റെ ഫിക‍്ഷനുകളും വായിച്ചു തള്ളി. ആരേയും വാചകമടിയിൽ വീഴ്ത്തുന്ന ശോഭരാജ് ജയിലിൽ സഹതടവുകാർക്ക് നിയമോപദേശം നൽകി. കാന്റീൻ നടത്തിപ്പ് കൈക്കലാക്കി സ്കോച്ചും ബീയറും വരുത്തി കുടിച്ചു. 1986 ൽ തടവുകാർക്ക് മയക്കുമരുന്നു നൽകി ജയിൽ ചാടിയെങ്കിലും അതു പാളി. രണ്ടു പതിറ്റാണ്ടോളം തിഹാറായിരുന്നു ശോഭരാജിന്റെ വീട്. ചെയ്ത തെറ്റുകളെക്കുറിച്ച് ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല ശോഭരാജ്.

ജയിൽ മോചനത്തിനുശേഷം ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ട ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തപ്പെട്ടത് ദുരൂഹമാണ്. അവിടെ യാക് ആൻഡ് യെതി എന്ന ചൂതാട്ട കേന്ദ്രത്തിൽ നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത്. ശോഭരാജ് നേപ്പാളിലേക്ക് കടന്നുവെന്ന ഹിമാലയൻ ടൈംസ് എന്ന നേപ്പാളിലെ ഇംഗ്ലിഷ് പത്രത്തിൽ വന്ന വാർത്തയാണ് ശോഭരാജിനെ പിടികൂടാൻ സഹായകമായത്. പത്രപ്രവർത്തകനായ റിച്ചാർഡ് നെവില്ലെ ശോഭരാജിന്റെ ക്രിമിനൽ ജീവിതം പുസ്തകമാക്കിയിട്ടുണ്ട്. സിനിമാക്കഥകളെ വെല്ലുന്ന ചാള്‍‍സ് ശോഭരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘ദി സര്‍പ്പന്റ്’ എന്ന പേരിലുള്ള സീരീസ് വന്‍ ഹിറ്റായിരുന്നു. പുസ്തകം വായിച്ചിട്ടു തന്നെ കിടന്നുറങ്ങാനായില്ല. ഇനി ഞങ്ങൾ ഈ സീരീസും കാണണോ എന്നാണ് അന്ന് ചില പ്രേക്ഷകർ ചോദിച്ചത്.

Back to top button
error: