ഇടുക്കി: റീസര്‍വേ നടപടികൾ പൂർത്തിയാകാത്തതിനാൽ ബഫര്‍ സോണ്‍ ഉപ്പുതറ വില്ലേജിലെ ജനവാസ കേന്ദ്രങ്ങളെ സാരമായി ബാധിക്കുമെന്ന് ആശങ്ക. റീസര്‍വേ നടത്താത്തതിനാല്‍ ജനവാസ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുകയെന്നത് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബുദ്ധിമുട്ടിലാക്കും. ഉദ്യോഗസ്ഥര്‍ കൈ കൊണ്ട് വരച്ചുണ്ടാക്കായ മാപ്പാണ് റവന്യൂ വകുപ്പിന്റെ പക്കലുള്ള ഏക രേഖ. പഞ്ചായത്തില്‍ ഒരു മാപ്പ് പോലുമില്ല. വനം വകുപ്പിന്റെ കൈവശവും അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖയില്ല.
വനം വകുപ്പ് പുറത്ത് വിട്ട മാപ്പില്‍ ഏഴ് മുതല്‍ 13 വരെ വാര്‍ഡുകള്‍ വരെ പെട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തേണ്ട വാര്‍ഡുകള്‍, ബ്ലോക്കുകള്‍, സര്‍വേ നമ്പറുകള്‍ എങ്ങനെ കണ്ട് പിടിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ഇനി രേഖ കിട്ടണമെങ്കില്‍ തൊടുപുഴ ജില്ലാ സര്‍വേ ഓഫീസിലോ, എല്‍.എ. ഓഫീസിലോ പോയെടുക്കണം. രണ്ട് ദിവസം കൊണ്ട് കൂട്ടിച്ചേര്‍ക്കലിന്റെയും ഒഴിവാക്കലിന്റെയും സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് സര്‍വകക്ഷി യോഗ തീരുമാനം. എന്നാല്‍ എവിടുന്ന് ആരംഭിക്കണമന്ന് പോലും വ്യക്തതയില്ലാതെ എങ്ങനെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ആശങ്ക. വനം വകുപ്പ് പുറത്ത് വിട്ട മാപ്പില്‍ ബ്ലോക്കും, സര്‍വ നമ്പറും രേഖപ്പെടുത്തേണ്ട ഭാഗത്ത്, അത്ഭ്യ ലഭ്യമല്ലന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാപ്പുമായി കൃഷിയിടങ്ങള്‍, വീടുകള്‍, സ്കൂളുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ കഴിയില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലും പഞ്ചായത്ത് ഭരണ സമിതിയും റവന്യൂ ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വ്യക്തമാക്കി. ഉപ്പുതറയിലെ സാഹചര്യം കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി കൂടുതല്‍ സമയം ലഭിക്കുമോയെന്ന് അഭ്യര്‍ഥിക്കാമെന്നാണ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചത്. എന്നാല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാതെ ജനവാസ മേഖല കണ്ട് പിടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും.