കൊച്ചി: സംസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് ഉൾപ്പെട്ട കൂടുതല്‍ കൊലപാതക കേസുകള്‍ എന്‍.ഐ.എ. ഏറ്റെടുത്തേക്കും. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ.) പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതകങ്ങള്‍ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നെന്ന കണ്ടെത്തലിനെതുടര്‍ന്നാണിത്. ഉന്നത നേതാക്കളുടെ നിര്‍ദേശാനുസരണമായിരുന്നു കൊലപാതകങ്ങളെന്നും എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി എന്‍.ഐ.എ. നടത്തിയ റെയ്ഡില്‍ പിടിയിലായവരുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം എന്‍.ഐ.എ. കോടതി മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു രഹസ്യവിഭാഗമുണ്ടെന്നും സംസ്ഥാന വ്യാപകമായി നെറ്റ്‌വര്‍ക് പ്രവര്‍ത്തിച്ചിരുന്നതായും കോടതിയെ അറിയിച്ചിരുന്നു. ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നതും കണ്ടെത്തിയിരുന്നു. പ്രതികളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ ഇവ പരിശോധിച്ചതില്‍നിന്നാണു പ്രതികള്‍ക്കെതരേ ഗുരുതരമായ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.