മധുരമൂറുന്നൊരു മാമ്പഴക്കാലം കാത്തിരിക്കുകയാണ് നാം. ഇന്ത്യയില്‍ തന്നെ ആദ്യമായി മാങ്ങ പഴുത്ത് വിപണിയില്‍ എത്തിക്കുന്നത് പാലക്കാട് മുതലമടയില്‍ നിന്നുമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മാമ്പഴത്തിന്റെ അളവ് കുറയ്ക്കാന്‍ വലിയ കാരണമാകുന്നുണ്ട്. നമ്മുടെ മുറ്റത്തെ മാവും പൂത്തു തുടങ്ങിയിട്ടുണ്ടാകും. കായീച്ചയാണ് ഈ സമയത്ത് പ്രധാന പ്രശ്‌നക്കാരന്‍. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതല്‍ തന്നെ കായീച്ചകളെ നിയന്ത്രിക്കാനായി Methyl Eugenol, ഫെറമോണ്‍ കെണികള്‍ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണിയെന്ന തോതില്‍ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്.
തുളസിക്കെണി
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന തുളസിക്കെണിയും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു ചിരട്ടയില്‍ അല്‍പ്പം തുളസിയിലയും കീടനാശിനികളായ എക്കാലക്‌സ്, മാലത്തിയോണ്‍ തുടങ്ങിയവയിലേതെങ്കിലും ചേര്‍ത്ത ശേഷം ഉറി പോലെ ശിഖരങ്ങളില്‍ കെട്ടി തൂക്കി ഇടാവുന്നതാണ്. ഇവ 4 കെണികള്‍ ഒരു മാവിന് എന്ന തോതില്‍ ഉപയോഗിക്കാം. 5 ദിവസത്തെ ഇടവേളകളിലായി തുളസിക്കെണികള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം.