Movie

ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ഓർമ്മകൾ പങ്കിട്ട് ഭാവന: ‘ജിഷ്ണു ചേട്ടാ നിങ്ങളെ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും’

ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവച്ച്‌ നടി ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലാണ് പരിമളം എന്ന കഥാപാത്രമായി ഭാവനയുടെ സിനിമയിലേക്കുളള അരങ്ങേറ്റം.

20 വർഷം മുമ്പ് ‘നമ്മൾ’ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നു എന്ന് ഭാവന പറയുന്നു. അവിടെ നിന്ന് നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തി നിൽക്കുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനേയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഇന്നും ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നതെന്നും ഭാവന പറയുന്നു.

Signature-ad

ഭാവനയുടെ വാക്കുകൾ:

”ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ഞാൻ ‘നമ്മൾ’ എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാൻ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞതെല്ലാം ഞാൻ ഇപ്പോഴും ഓർക്കുന്നു.

എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ അന്നൊരു കുട്ടിയായിരുന്നു,, ഇന്ന് എനിക്കറിയാം, അന്ന് എനിക്ക് കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അങ്ങനെ നിരവധി വിജയങ്ങൾ, നിരവധി പരാജയങ്ങൾ, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുത്തത് . ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെ തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്.

ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയും ആണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ നിങ്ങളെ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ അന്നത്തെ ആ പുഞ്ചിരി അമൂല്യമാണ്, അതും ഞാൻ മിസ് ചെയ്യുന്നു. ചിത്രങ്ങൾക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി. ”
ഭാവന കുറിച്ചു.

ഭാവന പങ്കുവച്ച ചിത്രത്തിൽ മറ്റൊരു യാദൃച്ഛികത കൂടി ഉണ്ട്. നടൻ ഷൈൻ ടോമിനെയും ഭാവനയ്ക്കു പുറകിലായി കാണാം. ഷൈൻ ടോം ആദ്യമായി അഭിനയിച്ച ചിത്രമാണ് ‘നമ്മൾ ‘. സിനിമയിൽ ഒരു ബസ് യാത്രയ്ക്കാരനായാണ് അദ്ദേഹം എത്തിയത്. അന്ന് സംവിധായകൻ കമലിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ഷൈൻ. “നമ്മൾ’ സിനിമയ്ക്കു ശേഷം ഒൻപത് വർഷത്തിനുശേഷമാണ് ഗദ്ദാമ എന്ന കമൽ ചിത്രത്തിലൂടെ ഷൈൻ മുഴുനീള വേഷത്തിലെത്തുന്നത്.

Back to top button
error: