തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പരീക്ഷ പാസാകാത്തവരും പങ്കെടുത്തെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍. പരിപാടി സംഘടിപ്പിച്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷനോട് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തേടി. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ രണ്ടാംവര്‍ഷ പരീക്ഷ പോലും പാസാകാത്തവരാണ് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ആയുര്‍വേദ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നമ്മല്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.
പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവര്‍ക്കു വേണ്ടിയാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. അതിലാണ് രണ്ടാംവര്‍ഷ പരീക്ഷപോലും പാസാകാത്ത ഏഴുപേര്‍ പങ്കെടുത്തത് എന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവരടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി.
എന്നാല്‍, പരിപാടി സംഘടിപ്പിച്ചത് കോളജല്ല, എസ്.എഫ്.ഐ. നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണ് എന്നാണ് അധികൃതരുടെ വിശദീകരണം. ചടങ്ങില്‍ പങ്കെടുത്തവര്‍ പരീക്ഷ പാസായവരാണോ അല്ലയോ എന്നകാര്യത്തില്‍ വ്യക്തതയില്ല എന്നാണ് അധികൃതര്‍ പറയുന്നത്. പരീക്ഷ പാസാകാത്തവര്‍ ചടങ്ങില്‍ പങ്കെടുത്തോ എന്ന് അന്വേഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പങ്കെടുത്തുവെങ്കില്‍ അത് തെറ്റാണെന്നും നടപടി എടുക്കുന്നകാര്യം പരിഗണിക്കുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.