IndiaNEWS

ഹലാല്‍ മാംസം നിരോധിക്കണം: ബില്‍ അവതരിപ്പിക്കാന്‍ കര്‍ണാടക

ബംഗളൂരു: ഹലാല്‍ മാംസം നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ഹലാല്‍ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുകയാണ്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെയാണു പുതിയ നീക്കം.

അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ രവികുമാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) ആവശ്യപ്പെട്ടു. അടുത്ത മേയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ നീക്കം. തിങ്കാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാനാണു നീക്കം. ഇതുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ക്ക് രവികുമാര്‍ കത്തയച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എം.എല്‍.എമാരും ബില്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കി.

Signature-ad

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പി ഹിന്ദുത്വ കാര്‍ഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദ് പറഞ്ഞു. അഴിമതി മറയ്ക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടുന്നതിനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ വിഭജിക്കുന്നതിനാണു ഹലാലിനെതിരായ ബില്‍ അവതരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഉഗാദി ആഘോഷത്തോടനുബന്ധിച്ചാണ് ഹലാല്‍ മാംസവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായത്. ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 

Back to top button
error: