ദോഹ: ഖത്തർ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ ഇന്ത്യയിലെ പ്രേക്ഷകരിലേക്കെത്തിച്ച് കയ്യടി നേടി ജിയോ സിനിമ. ഡിജിറ്റൽ വ്യൂവർഷിപ്പിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് ജിയോ സിനിമയുടെ കുതിപ്പ്. ഏതെങ്കിലും അന്താരാഷ്ട്ര സ്പോർട്സ് ഇവന്റ് പരിഗണിക്കുമ്പോൾ ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തെ മറികടക്കാനും ജിയോ സിനിമയ്ക്ക് സാധിച്ചു. അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ ലോകകപ്പിലെ അർജന്റീന – ഫ്രാൻസ് കലാശ പോരാട്ടം ജിയോ സിനിമയിൽ കണ്ടത് 32 മില്യൺ ആളുകളാണെന്നാണ് കണക്കുകൾ.
110 മില്യണിൽ അധികം കാഴ്ച്ചക്കാർ ലോകകപ്പിന്റെ ഡിജിറ്റൽ സംപ്രേഷണം ഉപയോഗപ്പെടുത്തി. ഇതോടെ ഫിഫ ലോകകപ്പിന്റെ ഏറ്റവും ഉയർന്ന ഡിജിറ്റൽ വ്യൂവർഷിപ്പ് വിപണികളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകകപ്പിന്റെ സമയത്ത് ആൻഡ്രോയിഡിലും ഐഒഎസിലും ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് ആയും ജിയോ സിനിമ മാറി.
ആരാധകർക്ക് ലോകോത്തര നിലവാരമുള്ളതും ഏളുപ്പം ഉള്ളതുമായ രീതിയിൽ ലോകകപ്പ് കാണാൻ അവസരം ഒരുക്കുമെന്ന് തങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഡിജിറ്റലിൽ ഏറ്റവുമധികം ആളുകൾ കണ്ട ആഗോള കായിക ഇനമായി ഖത്തർ ലോകകപ്പ് മാറിയെന്ന് വയാകോം 18 സ്പോർട്സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു. ഇത് ഡിജിറ്റലിന്റെ ശക്തി കൂടിയാണ് പ്രകടമാക്കുന്നത്. ഫ്രഞ്ച് ലീഗിൽ ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് കിലിയൻ എംബാപ്പെയും ഗോൾഡൻ ബോൾ ജേതാവ് ലിയോണൽ മെസിയും പിഎസ്‍ജിക്ക് വേണ്ടി ഒരുമിച്ച് കളിക്കുന്നതും ഇതേ നിലാവാരത്തോടെ ഇനി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ദിവസങ്ങളിൽ ചില വിമർശനം ഉണ്ടായെങ്കിലും പിന്നീട് കയ്യടി നേടുന്ന തരത്തിലായിരുന്നു ജിയോ സിനിമ ലോകകപ്പ് മത്സരങ്ങൾ ആരാധകരിലേക്ക് എത്തിച്ചത്. സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്ത് പണം മുടക്കാതെ തന്നെ മത്സരങ്ങൾ കാണുന്നതിനുള്ള അവസരം ജിയോ സിനിമ ഒരുക്കി. ഒപ്പം വെയ്‍ൻ റൂണി, ലൂയിസ് ഫിഗോ, സോൾ കാംപ്ബെൽ, ഗിൽബർട്ടോ സിൽവ തുടങ്ങിയവർ അടക്കം വിദഗ്ധ പാനലിന്റെ വിലയിരുത്തലുകളും സംപ്രേഷണത്തെ ഏറ്റവും മികവുറ്റ നിലയിലേക്കെത്തിച്ചു.