IndiaNEWS

വീടുകളില്‍ എത്ര പവൻ സ്വര്‍ണം സൂക്ഷിക്കാം…പരിധിയെന്ത്, നികുതി എത്ര…? നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കൂ

സ്വർണമാണ് എവിടെയും ചർച്ചാ വിഷയം. മുഖ്യമന്ത്രിയും കുടുംബവും സ്വർണക്കടത്തിൽ കുടുങ്ങിക്കിടക്കുന്നു. എയർപോർട്ടുകളിലൂടെ വൻ സ്വർണക്കടത്ത്, സ്വര്‍ണവില ഏറിയും കുറഞ്ഞും തുടരുന്നു: ഇങ്ങനെ പോകുന്നു സ്വർണ വിശേഷങ്ങൾ.

പണം സ്വർണത്തിൽ നിക്ഷേപിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. കാരണം സ്വർണ വില ഏതു കാലത്തും മുകളിലേക്കു തന്നെയാണ്. വാങ്ങുന്ന സ്വര്‍ണം സ്വന്തം വീടുകളില്‍ സൂക്ഷിക്കാനാണ് ഒട്ടുമിക്ക കുടുംബങ്ങളും ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ വീടുകളില്‍ സ്വര്‍ണം സൂക്ഷിച്ചുവെയ്ക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് ആരായുന്നവര്‍ നിരവധിയാണ്.

Signature-ad

വെളിപ്പെടുത്തിയിട്ടുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നതെങ്കില്‍ കുഴപ്പമില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പറയുന്നത്. ഇതിന് പുറമേ കാര്‍ഷിക ആദായം , വീട്ടില്‍ സ്വരുക്കൂട്ടി വച്ച പണം തുടങ്ങിയവ ഉപയോഗിച്ച്‌ സ്വര്‍ണം വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതായത് നികുതി ഈടാക്കില്ല എന്ന് സാരം.

വീടുകളില്‍ റെയ്ഡ് നടത്തുന്ന വേളയില്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന അളവില്‍ മാത്രമാണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയാല്‍ സ്വര്‍ണം പിടിച്ചെടുക്കാന്‍ സാധിക്കില്ല. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണം വരെ വീടുകളില്‍ സൂക്ഷിക്കാം. അവിവാഹിതയ്ക്ക് വീടുകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ അളവ് 250 ഗ്രാമാണ്. കുടുംബാംഗങ്ങളായ പുരുഷന്മാര്‍ക്ക് കുറഞ്ഞ പരിധിയാണ്. നൂറ് ഗ്രാം സ്വര്‍ണം.

എന്നാല്‍ വരുമാനത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്താന്‍ കഴിഞ്ഞാല്‍ എത്ര അളവിലും സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കാമെന്നും നിയമം പറയുന്നു. വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണം നികുതി പരിധിയില്‍ വരില്ല. എന്നാല്‍ വില്‍പ്പന നടത്താനായി നിയമം പറയുന്നത് മറ്റൊന്നാണ്. വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കുന്നതെങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ദീര്‍ഘകാല മൂലധന ലാഭ നികുതിയുടെ ഭാഗമായി കണക്കാക്കും. 20 ശതമാനമാണ് ദീര്‍ഘകാല മൂലധന ലാഭ നികുതി. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി യഥാര്‍ഥ മൂലധന നേട്ടം നിര്‍ണയിച്ച ശേഷമാണ് നികുതി ഈടാക്കുക.

മൂന്ന് വര്‍ഷത്തിനകമാണ് വാങ്ങിയ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍, ഇതില്‍ നിന്നുണ്ടാകുന്ന നേട്ടം വ്യക്തികളുടെ വരുമാനത്തിലാണ് ചേര്‍ക്കുക. നിലവിലെ നികുതി സ്ലാബ് അനുസരിച്ചാണ് ഇവിടെ നേട്ടത്തിന് നികുതി ചുമത്തുക. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാര്യത്തിലും ഒരുപരിധിവരെ സമാനമായ വ്യവസ്ഥയാണ്. മൂന്ന് വര്‍ഷത്തിനകമാണ് വില്‍ക്കുന്നത് എങ്കില്‍ മൂലധന നേട്ടത്തെ വ്യക്തിഗത വരുമാനത്തിന്റെ ഭാഗമായി കണക്കാക്കും. തുടര്‍ന്ന് വ്യക്തികളുടെ ആദായനികുതിയുമായി ബന്ധപ്പെട്ട സ്ലാബുകള്‍ അനുസരിച്ച്‌ നികുതി ചുമത്തും.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന ലാഭ നികുതിയായി കണ്ട് 20 ശതമാനം നികുതി ചുമത്തും. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കണ്ടെത്തുന്ന യഥാര്‍ഥ മൂലധന നേട്ടത്തിനാണ് ഈ നികുതി ചുമത്തുക. അല്ലെങ്കില്‍ 10 ശതമാനം. കാലാവധി തീരുന്ന സമയത്താണ് ബോണ്ട് കൈമാറുന്നതെങ്കില്‍ നികുതി വരില്ല.

Back to top button
error: