ജയ്പുര്‍: ഡൽഹിയിലെ ശ്രദ്ധ വാൽകർ മോഡൽ കൊല രാജസ്ഥാനിലും. ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് ദേശീയപാതയോരത്ത് ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജയ്പൂർ സ്വദേശി അനൂജ് ശര്‍മ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ ബന്ധു സരോജ് ആണ് കൊല്ലപ്പെട്ടത്. ഈ മാസം 11ന് രാജസ്ഥാനിലെ ജയ്പുരിലാണു രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം.
പിതാവിനും സഹോദരിക്കും ബന്ധുവായ സരോജിനും (64) ഒപ്പം ജയ്പുരിലെ വിദ്യാനഗറിലാണ് അനൂജ് ശര്‍മ താമസിക്കുന്നത്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍നിന്ന് അനൂജിനെ സരോജ് വിലക്കിയതിനെത്തുടര്ന്നുള്ള ദേഷ്യത്തിലാണ് അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് അനൂജിന്റെ കുടുംബത്തിനൊപ്പം സരോജ് താമസം തുടങ്ങിയത്. അനൂജിന്റെ അമ്മ കഴിഞ്ഞവര്‍ഷം കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കൃത്യം നടന്ന ദിവസം അനൂജും സരോജും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പിതാവും സഹോദരിയും ഇന്‍ഡോറിലേക്കു പോയി. അനൂജിന് ഡല്‍ഹിക്ക് പോകണമായിരുന്നു. എന്നാല്‍ സരോജ് അതു സമ്മതിച്ചില്ല. ചായ ഉണ്ടാക്കുകയായിരുന്ന സരോജിനെ വാക്കേറ്റത്തിനൊടുവില്‍ അനൂജ് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് 10 കഷണങ്ങളാക്കി മുറിച്ച് ജയ്പുര്‍ സികാര്‍ ദേശീയപാതയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചു.ശരീരഭാഗങ്ങള്‍ ബക്കറ്റിലും സ്യൂട്ട്കേസിലും വെച്ചാണ് കൊണ്ടുപോയത്. പിന്നാലെ സരോജിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ക്കൊപ്പം പൊലീസില്‍ പരാതി നല്കി. അന്വേഷണം നടത്തിയ പൊലീസ് അനൂജിന്റെ പല മൊഴികളും തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നു കണ്ടെത്തി. ഇതോടെ ഇയാളെ നിരീക്ഷിച്ചുതുടങ്ങി. സ്യൂട്ട്കേസും ബക്കറ്റുമായി അനൂജാണു വീട്ടില്‍നിന്നു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു മനസ്സിലായി. അടുക്കളയില്‍നിന്നു രക്തക്കറ കണ്ടെത്തി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.