ടെഹ്റാന്‍: പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലായി. രാജ്യത്തു നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റ്.
ഈ മാസം എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പിട്ടിരുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അലിദോസ്തിയെക്കൂടാതെ ഫുട്‌ബോള്‍ താരങ്ങള്‍, നടീനടന്മാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാന്‍ ഓണ്‍ലൈന്‍ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതാദ്യമായല്ല തരാനെ ഇറാന്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. നവംബര്‍ ഒന്‍പതിന് മുഖാവരണം ഇല്ലാത്ത ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ രക്തച്ചൊരിച്ചില്‍ കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരല്‍പോലും അനക്കാത്ത അന്താരാഷ്ട്ര സംഘടനകള്‍ മാനവികതയ്ക്കുതന്നെ അപമാനമാണെന്നും അവര്‍ അന്ന് കുറിച്ചിരുന്നു.
പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നല്‍കാനായി നടി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധേയയായ അവര്‍ ഇറാന്‍ സിനിമാലോകത്തെ ‘മീ ടൂ’ പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
2016-ല്‍ പുറത്തിറങ്ങിയ ‘ദ സേയില്‍സ്മാന്‍’ എന്ന ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തിലൂടെയാണ് അലിദോസ്തി ശ്രദ്ധേയയായത്. ഈ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അലിദോസ്തിയുടെ ‘ലേയ്ല ബ്രദേഴ്സ്’ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തിയിരുന്നു.