കോട്ടയം: ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ആഘോഷിക്കുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോട്ടയം ദേവലോകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 21-ന് മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് വലിയപള്ളിയില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭാനേതാക്കളും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി നാളെ നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്ന് നിരണം വലിയപള്ളിയിലേക്ക് സ്മൃതി യാത്രയും, ദീപശിഖാ പ്രയാണവും നടക്കും. നിലയ്ക്കല്‍ എക്യൂമെനിക്കല്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദീപശിഖ കൈമാറുകയും ചെയ്യും. നിലയ്ക്കല്‍, തുമ്പമണ്‍, മാവേലിക്കര, ചെങ്ങന്നൂര്‍, നിരണം എന്നീ ഭദ്രാസനങ്ങളിലെ ഇടവകകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നിരണം വലിയപള്ളിയില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സ്വീകരിക്കും. ദീപശിഖാ പ്രയാണത്തിന് സഭാസ്ഥാനികളായ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കും.