IndiaNEWS

സുപ്രീം കോടതിക്ക് ഒരു കേസും ചെറുതല്ല; കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവി​ന്റെ പരാമർശങ്ങൾക്ക് പരോക്ഷ മറുപടിയായി ചീഫ് ജസ്റ്റിസ്

ദില്ലി: സുപ്രീം കോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിൽ പിന്നെ ഞങ്ങളെന്താണ് ഇവിടെ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ രാജ്യസഭയിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു നടത്തിയ പരാമർശങ്ങൾക്കുള്ള പരോക്ഷ മറുപടിയായി ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.

സുപ്രീം കോടതി ഗൗരവമല്ലാത്ത ജാമ്യ ഹർജികളും പൊതു താത്പര്യ ഹർജികളും കേൾക്കുന്നത് അധിക ബാധ്യതയാണ് എന്നായിരുന്നു ഇന്നലെ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശം. വിചാരണ കോടതികളില്‍ നാല് കോടിയലധികം കേസുകള്‍ കെട്ടികിടക്കുകയാണ്. ജഡ്ജിമാരുടെ അവധിയും പ്രവർത്തനവും പൗരന്മാരെ ബാധിക്കുന്ന വിഷയങ്ങളാണ്. സുപ്രീംകോടതിയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ നല്ല അർത്ഥത്തിലാണെന്നും കിരൺ റിജിജു പാർലമെൻറില്‍ പ‌റഞ്ഞിരുന്നു.

Signature-ad

ദീർഘകാലം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമ മന്ത്രിക്ക് പരോക്ഷ മറുപടിയുമായി രംഗത്ത് വന്നത്. ഇത്തരം ആളുകളുടെ പരാതികൾ കേൾക്കാനാണ് ഇവിടെ ഇരിക്കുന്നതെന്നും ഇത്തരം കേസുകൾ എത്ര വൈകിയാണെങ്കിലും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

പൊതുതാൽപ്പര്യ ഹർജികളും ജാമ്യ ഹർജികളും സുപ്രീംകോടതി കേൾക്കുന്നത് വലിയ ബാധ്യതയാണെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്. പ്രസ്താവനയെ എതിർത്ത് പ്രതിപക്ഷ നേതാക്കൾ പാർലമെൻറിൽ നോട്ടീസ് നല്കിയിരിക്കുകയാണ്. അതേസമയം ജ‍ഡ്ജിമാരുടെ നിയമനത്തില്‍ സർക്കാരിന് പരിമിതമായ അധികാരമേയുള്ളൂവെന്ന് മന്ത്രി ഇന്നും പാർലമെൻറില്‍ ആവർത്തിച്ചു.

Back to top button
error: