32 വലിയ പാലങ്ങൾ, 7 തുരങ്കങ്ങൾ, 317 ചെറു പാലങ്ങൾ, 8 റെയിൽവേ മേല്‍പാലങ്ങൾ, മൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ പാകത്തിലുള്ള നൂറോളം പാതകൾ, 7 പെട്രോൾ സ്റ്റേഷനുകൾ… തീർന്നില്ല ഇനിയും പ്രത്യേകതകൾ ഏറെയുണ്ട്, കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത നാഗ്പുർ – മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന്.
യാത്രാ സമയം 16 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ അതിവേഗ എക്സ്പ്രസ് വേ, നാഗ്പുർ – മുംബൈ എക്സ്പ്രസ് വേ, 701 കിലോ മീറ്ററാണ് ആകെ നീളം, 120 മീറ്റർ വീതിയും.
512 കിലോമീറ്റർ നീളമുള്ള നാഗ്പുർ – മുബൈ സമൃദ്ധി എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ബാക്കിയുള്ള 181 കിലോ മീറ്റർ 2023 ജൂലൈയോടുകൂടി പൂർത്തിയാക്കുമെന്നാണ് എം.എസ്.ആർ.ഡി.സി (മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ഡവലപ്മെൻ്റ് കോർപ്പറേഷൻ) അറിയിച്ചത്.
55,335.32 കോടിയാണ് പദ്ധതിയുടെ ആകെ ചിലവ്. റോഡ് വീതി കൂട്ടാനും ഇന്റർചേഞ്ചുകൾക്കുമൊക്കെയായി 88,61.02 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് നഷ്ടപരിഹാരമായി 8,008.97 കോടി ഇതിനകം തന്നെ നൽകി കഴിഞ്ഞു.
വിസ്മയക്കാഴ്ചകളും നിർമ്മിതികളും
701 കിലോ മീറ്റർ നീളം വരുന്ന പാതയിലുടനീളം വൻ വിസ്മയങ്ങളാണ് തീർത്തിരിക്കുന്നത്. 73 ഫ്ലൈ ഓവർ, ആർച്ചുകളിൽ 52 എണ്ണം ഇതിനകം തന്നെ പണിതീർന്നു. 32 വലിയ പാലങ്ങളിൽ ഒരെണ്ണത്തിന്റെ പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൂടി പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ അതിവേഗ പാതയുടെ പണി പൂർത്തിയാകുകയായി.
വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ 701 കിലോ മീറ്റർ നീളമുള്ള അതിവേഗ പാതയില്‍ ഇക്കോ ബ്രിഡ്ജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളുടെ, പ്രധാനമായും കടുവകളുടെ യാത്രാ മാർഗങ്ങൾക്ക് തടസമില്ലാതിരിക്കാൻ ഈ പാലങ്ങൾ സഹായിക്കുന്നു.
അതിവേഗപാത കടന്നു പോകുന്നിടങ്ങളിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥകളെ കൂടി കണക്കിലെടുത്തു കൊണ്ടാണ് നിർമ്മാണം. ഇതിനായി 326 കോടിയാണ് ചെലവഴിച്ചത്. 84 അടിപാതകളും മേൽപാതകളുമാണ് മൃഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. നാഗ്പുർ, വർധ, അരാവതി, വാഷിം, ബുൽധാന ജില്ലകളിലായി വിധർഭ, കടുവാ ഇടനാഴികൾ, ടാൻസയിലെ പ്രകൃതിലോലപ്രദേശങ്ങൾ, കറ്റെപുർണ, കരൻജ സൊഹോൾ വന്യജീവി സങ്കേതം തുടങ്ങിയിടങ്ങളിൽ കൂടിയാണ് പാത കടന്നു പോകുന്നത്. ഇവിടങ്ങളിൽ ശബ്ദ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
വലിയ തോതിൽ മരങ്ങളും ചെടികളും പാതയ്ക്ക് വേണ്ടി നശിപ്പിക്കേണ്ടി വന്നു. ഇതിന് പകരം മരം വെച്ചുപിടിപ്പിക്കാനുള്ള പ്രയത്നവും നടക്കുന്നുണ്ട്. നാല് വർഷമെടുത്ത് 34 ലക്ഷത്തോളം മരങ്ങളും ചെടികളും ചെറുവള്ളികളും പാതയുടെ വശങ്ങളിൽ നട്ടുപിടിപ്പിക്കുമെന്നാണ് മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ഡവലപ്മെൻ്റ് കോർപ്പറേഷൻ പറയുന്നത്. ഇടനാഴികളിൽ മാത്രം 11.30 ലക്ഷത്തോളം മരങ്ങളാണ് വെച്ചുപിടിപ്പിക്കുക. പാതകളിലുടനീളം 33.64 ലക്ഷം മരങ്ങളും ചെറു ചെടികളും വെച്ചുപിടിപ്പിക്കും.
യാത്രകളിലുടനീളം മടുപ്പില്ലാത്ത തരത്തിൽ യാത്രക്കാർക്ക്, റോഡിന്റെ ഇരുവശങ്ങളിലും പച്ചപ്പ് മാത്രം സമ്മാനിക്കുന്ന മനുഷ്യനിർമ്മിത വനങ്ങളാക്കി മാറ്റാനാണ് ശ്രമം. ഇതിനായി 694 കോടിയാണ് ചിലവഴിക്കുക.
മാവ്, കശുമാവ്, ഓറഞ്ച്, ഞാവൽ, നാരകം, ഈന്തപ്പഴ മരം തുടങ്ങി 13 തരം ഫലവൃക്ഷങ്ങളെ റോഡരികിൽ വെച്ചുപിടിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തിലുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് മൃഗങ്ങളെ പഴങ്ങളിലേക്ക് ആകർഷിക്കുകയും റോഡരികിലെത്തുന്ന മൃഗങ്ങൾ റോഡിലേക്ക് കടന്ന് അത് അപകടത്തിനിടയാക്കുകയും എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫലം കായ്ക്കുന്ന മരങ്ങളെ ഒഴിവാക്കിയത്. മൃഗങ്ങൾ റോഡിലേക്ക് ചാടിക്കടക്കാതിരിക്കാനുള്ള വേലികളും കൂടുതൽ സുരക്ഷിതരാക്കും.
34 ലക്ഷത്തോളം വരുന്ന മരങ്ങളും ചെടികളും നനക്കാൻ തന്നെ വലിയ തോതിൽ വെള്ളം വേണ്ടി വരും. ഇതിനായി മഴവെള്ളം ശേഖരിച്ച് വെച്ച് സോളാർ പമ്പുകളുപയോഗിച്ച് പാതകൾക്കിരുവശത്തും വെച്ചുപിടിപ്പിച്ച മരങ്ങളും ചെടികളും നനയ്ക്കും. കൂടാതെ പാതയോരങ്ങളോട് ചേർന്ന് നിൽക്കുന്ന വിദർഭ, മറാത്തവാഡ മേഖലകളിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ജലസംഭരണികളായി ആയിരത്തിലധികം കാർഷിക കുളങ്ങളും ചെക്ക് ഡാമുകളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
വനനശീകരണം പരമാവധി കുറച്ച്, വന്യജീവിസങ്കേതങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള നിർമ്മിതിയായിരിക്കും ഇതെന്ന് നേരത്തെ തന്നെ, അന്നത്തെ നഗരവികസനമന്ത്രിയും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിന്ദെ വ്യക്തമാക്കിയിരുന്നു.
കടന്നു പോകുന്നത്
10 ജില്ലകൾ, 26 താലൂക്കുകൾ, 392 ഗ്രാമങ്ങൾ 18നഗരങ്ങൾ പിന്നിടുന്നതായിരിക്കും അതിവേഗ പാത. മണിക്കൂറിൽ 120 കിലോമീറ്ററാകും വാഹനങ്ങളുടെ വേഗം. 25 ഇന്റർചേഞ്ചുകൾ ഉണ്ടാകും.
യാത്രക്കാർക്കായി
നാഗ്പുർ മുതൽ മുംബൈ വരെ എട്ട് മണിക്കൂർ നീളുന്ന യാത്രയിൽ യാത്രക്കാർക്കായി വഴികളിൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കുക. യാത്രക്കാർക്കായി ഭക്ഷണ കേന്ദ്രങ്ങൾ, പെട്രോൾ പമ്പ്, വൈദ്യുതി ചാർജിങ് കേന്ദ്രം, ട്രോമ സെന്റർ, ആംബുലൻസ് അടക്കം ഇുരുപതിലേറെ സേവനങ്ങൾ അതിവേഗപാതകളിൽ ഒരുക്കും.
സുരക്ഷ മുഖ്യം
സുരക്ഷയുടെ കാര്യത്തിലും ഒട്ടു പിന്നിലല്ല, എക്സ്പ്രസ് വേയിൽ 15 ട്രാഫിക് എയ്ഡ് പോസ്റ്റുകൾ (ടിഎപികൾ) ഹൈവേ സുരക്ഷാ പോലീസ് (എച്ച്.എസ്.പി.) സ്ഥാപിച്ചിട്ടുണ്ട്. ടി.എ.പികളെ സഹായിക്കാനും മറ്റുമായി 150ഓളം വരുന്ന വിമുക്തഭടന്മാരേയും വിന്യസിച്ചിട്ടുണ്ട്. 21 ആംബുലൻസുകൾ, 30 മെട്രിക് ടൺ വീതമുള്ള 15 ക്രൈയിനുകൾ, 21 ക്വിക് റെസ്പോൺസ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.
അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റമായിരിക്കും ഈ പാതകളിൽ സ്ഥാപിക്കുക. ദക്ഷിണ കൊറിയയുമായുള്ള ഉഭയകക്ഷി ധനസഹായത്തിലൂടെ ആയിരിക്കും ഇത്. തീർന്നില്ല, പാതകൾക്കിരുവശവും സ്ഥാപിക്കുന്ന സൗരോർജ്ജ പാനലിൽ കൂടി 138.47ത്തോളം മെഗാവാട്ട് വൈദ്യുതിയും ഉദ്പാതിപ്പിക്കാൻ സാധിക്കും