കണ്ണൂർ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍. സര്‍ജറി അസിസ്റ്റന്റ് മിഡിലാക്കയം കായലംപാറയിലെ പാറക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ മാത്യു(23), അങ്ങാടിക്കടവ് ഡോണ്‍ ബോക്‌സോ കോളേജിലെ എം.സി.എ വിദ്യാര്‍ത്ഥി മണ്ണംകുണ്ടിലെ പുല്‍ത്തകിടിയില്‍ വീട്ടില്‍ ജോബിന്‍ ജോസഫ്(22), എന്നിവരാണ് 2.9 ഗ്രാം എംഡി.എം.എ. സഹിതം അറസ്റ്റിലായത്.
കണ്ണൂർ മലയോര മേഖലയിലെ കുടിയാന്മല, ചെമ്പേരി എഞ്ചിനീയറിംഗ് കോളേജ് പരിസരം, ചേപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മംഗലാപുരത്തു നിന്നുമാണ് ഇവര്‍ വന്‍തോതില്‍ എം.ഡി.എം.എ വാങ്ങി നാട്ടില്‍ എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് സേന മേധാവിയുടെ കീഴില്‍ നാര്‍കോട്ടിക് DYSP യുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡാണ് (DANSAF)കുടിയാന്മല പോലീസുമായി ചേര്‍ന്ന് ഇവരെ പിടികൂടിയത്. ലഹരി മരുന്ന് വില്പനക്കായി ഇവര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടിയാന്‍മല പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ക്ടര്‍ മെല്‍ബിന്‍ ജോസ്, എസ്.ഐ എന്‍.ജെ. ജോസ്, എ.എസ്.ഐ അബ്ദുള്‍ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാബിര്‍, സുഭാഷ് എന്നിവരും DANSAF ടീമംഗങ്ങളും മണ്ണംകുണ്ട് മിഡിലാക്കയം റോഡ് ജംഗ്ഷനില്‍ വച്ച് തന്ത്രപരമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.