KeralaNEWS

കത്ത് വിവാദത്തില്‍ സര്‍ക്കാരിന് ആശ്വാസം; സി.ബി.ഐ അന്വേഷണമില്ല, ഹര്‍ജി തള്ളി

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലറായിരുന്നു ഹര്‍ജി നല്‍കിയത്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ വാദം പരിഗണിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദേശിച്ചു.

നഗരസഭയിലെ താത്കാലിക നിയമനങ്ങള്‍ക്കുള്ള ലിസ്റ്റ് ചോദിച്ചുകൊണ്ട് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിക്കാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്ത് അയച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവമാണിത്. കത്ത് വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പോലീസിന് സാധിക്കില്ലെന്നും സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Signature-ad

അതേസമയം, കത്ത് വിവാദത്തിലെ പ്രതിപക്ഷ സമരം തുടരുകയാണ്. ഇതിനിടയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് നഗരസഭ കൗണ്‍സില്‍ നടക്കും. കഴിഞ്ഞ തവണ നടന്ന പൊതുകൗണ്‍സിലും നിയമന വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച പ്രത്യേക കൗണ്‍സിലും പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് യുദ്ധക്കളമായി മാറിയിരുന്നു. മേയറും കത്ത് വിവാദത്തില്‍ ആരോപണ വിധേയനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.ആര്‍. അനിലും പങ്കെടുക്കുന്ന ഈ കൗണ്‍സിലിലും പ്രതിഷേധം ശക്തമാക്കാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും തീരുമാനം.

 

Back to top button
error: