- ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 23 വരെ സമയം
ഇടുക്കി: സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്ന ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ ഇതു ജനവിരുദ്ധമല്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തുന്നത്. ബഫരസോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ജനവാസ മേഖലയാണെന്നാണ് കേരളത്തിന്റെ വാദം. ഇതു തെളിയിക്കാന്‍ വേണ്ടി മാത്രമാണ് ഉപഗ്രഹ സര്‍വേ. ഇത് ഏതെങ്കിലും തരത്തിലുള്ള ആധികാരിക രേഖയല്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ബഫര്‍സോണായി നിശ്ചയിച്ചിരിക്കുന്ന മേഖലകള്‍ ജനവാസ മേഖലകള്‍ ആണെന്ന് കാണിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വാദത്തിന് സുപ്രീം കോടതിയില്‍ കരുത്ത് പകരും.
വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത സര്‍വേ സ്‌കെച്ചുകളില്‍ വില്ലേജ് അടിസ്ഥാനത്തില്‍ സര്‍വേ നമ്പരും സബ് ഡിവിഷനും ഉള്‍പ്പെടുത്താന്‍ സാധിക്കാത്തത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രദേശത്തിന്റെ ഗൂഗിള്‍ മാപ്പ് കൂടി സ്‌കെച്ചുകള്‍ക്കൊപ്പം ഉള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിനുള്ള നിര്‍ദേശം വനം വകുപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ അതാതു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. തങ്ങളുടെ സ്ഥലം ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഹെല്‍പ് ഡെസ്‌കുകള്‍ വഴി ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇതിനു പുറമേ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വെബ്‌സൈറ്റില്‍ സര്‍വേ സ്‌കെച്ച് ഉള്‍പ്പെടുത്താനും തദ്ദേശസ്വയം ഭരണ വകുപ്പിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബഫര്‍ സോണില്‍ വീടുകളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെട്ടിട്ടുള്ളവര്‍ പഞ്ചായത്തില്‍ അറിയിച്ചാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരില്‍ വന്ന് സ്ഥലം സന്ദശിച്ച് പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കും. ഫീല്‍ഡ് സര്‍വേ വഴി മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 23 വരെയാണ് നിലവില്‍ സമയം നല്‍കിയിരിക്കുന്നത്. ജനുവരി രണ്ടാം വാരം സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാലാണ് സമയ പരിധി കുറച്ചിരിക്കുന്നത്. ഇതിനു മുന്‍പായി കേരളത്തിന്റെ വാദം ശരിവയ്ക്കുന്ന രേഖ തയാറാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.