ലണ്ടന്‍: നോര്ത്താംപടണ്ഷയറിലെ കെറ്ററിംങ്ങില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു. കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടികളെ എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്സായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യു.കെയില്‍ എത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള സാജുവിനെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികളുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളി സമൂഹം. ”ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്. താമസിയാതെ രണ്ടുതവണ എയര്‍ ആംബുലന്‍സ് പറന്നുപൊങ്ങുന്നതു കണ്ടു” എന്നമാണ് അയല്‍വാസികള്‍ പറയുന്നത്.