KeralaNEWS

പൂർണമായും അറ്റുപോയ രണ്ടു പേരുടെ കൈകൾ തുന്നിച്ചേർത്തു, കോഴിക്കോട് മെഡിക്കൽ കോളജിന് അഭിമാന നിമിഷം: ഇത്തരം ഘട്ടങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ടത്

കോഴിക്കോട്: പൂർണമായും അറ്റുപോയ രണ്ടു പേരുടെ കൈകൾ തുന്നിച്ചേർത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ചരിത്രം സൃഷ്ടിച്ചു. പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രണ്ടുപേർക്കാണ് സങ്കീർണ ശസ്ത്ര​ക്രിയ പൂർത്തിയായത്. രണ്ടുപേരും സുഖംപ്രാപിച്ച് വരുന്നതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി അറിയിച്ചു.

ആദ്യമായാണ് കോഴി​ക്കോട് മെഡിക്കൽ കോളജിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. അസം സ്വദേശി അയിനൂർ (32), തൃശൂർ ചെറുതുരുത്തി സ്വദേശി നിബിൻ (22) എന്നിവർക്കാണ് ശസ്ത്രക്രിയ നടത്തിയത്.

Signature-ad

ഈർച്ച മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി ​ഇടതു കൈപ്പത്തി പൂർണമായി അറ്റനിലയിലാണ് നവംബർ 14 ന് അയിനൂറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുടുംബകലഹത്തെ തുടർന്ന് കത്തികൊണ്ട് വെട്ടേറ്റാണ് നിബിന്റെ വലതു കൈപ്പത്തി അറ്റുപോയത്. ഡിസംബർ ഏഴിനായിരുന്നു സംഭവം.

അയിനൂറിന് എട്ടു മണിക്കൂറും നിബിന് 13 മണിക്കൂറൂം സമയമെടുത്താണ് കൈകൾ തുന്നിച്ചേർത്തത്. ​രക്ത ധമനികളെ തമ്മില്‍ ചേര്‍ക്കുന്നതിന് സഹായിക്കുന്ന ‘ഓപറേറ്റിങ് മൈക്രോസ്‌കോപ്’ സംവിധാനം ഉപയോഗപ്പെടുത്തിയാണ് സങ്കീർണ ശസ്​ത്രക്രിയ പൂർത്തിയാക്കാനായത്. ഈ സംവിധാനം മെഡിക്കൽ കോളജിൽ ആദ്യമാണ്.

സ്വകാര്യ ആശുപത്രിയിൽ നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ പൂർണമായും സൗജന്യമായാണ് ഇവിടെ നടത്തിയത്. തുന്നിച്ചേർത്ത കൈകളുടെ പ്രവർത്തനം എൺപത് ശതമാനത്തോളം പഴയ രൂപത്തിലാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു.

ഇരുവർക്കും എട്ട് ആഴ്ച കഴിഞ്ഞ് ഫിസിയോതെറപ്പി ആരംഭിക്കും. സ്പർശന ശേഷി തിരികെ കിട്ടുന്നതിന് ഒന്നര വർഷം വേണ്ടിവരുമെന്നാണ് നിഗമനം. പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ.പി പ്രേംലാൽ, ഡോ. എൻ. പ്രവീൺ, ഡോ. അനു ആന്റൊ കല്ലേരി, ഡോ. കുഞ്ഞി മുഹമ്മദ്, അനസ്തേഷ്യ വകുപ്പ് മേധാവി ഡോ. ലത്തീഫ്, ഡോ. എലിസബത്ത്, ഡോ. അസ്മ, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു, ഡോ. കെ. രാജു , നഴ്സുമാരായ അബിജിത്ത്, ഷൈമ തുടങ്ങിയവർ ചികിത്സയിൽ പങ്കാളികളായി.

ഇത്തരം ഘട്ടങ്ങളിൽ ശ്രദ്ധി​ക്കേണ്ടത്:

മുറിഞ്ഞ അവയവം പ്ലാസ്റ്റിക് കവറില്‍ പൊതിയണം
ഐസ് കട്ടകള്‍ പാകിയ മറ്റൊരു കവറിലിടണം.
ഐസ് അവയവത്തില്‍ നേരിട്ട് സ്പര്‍ശിക്കരുത്.
അതിവേഗം ആശുപത്രിയിലെത്തിക്കണം.
നേരത്തെ എത്തുന്നതിനനുസരിച്ച് ശസ്ത്രക്രിയ വിജയകരമാവും.
വൈകുന്നതിനനുസരിച്ച് കോശങ്ങള്‍ നശിക്കും.

Back to top button
error: