ഭക്ഷണത്തിൽ മുടി കണ്ടു എന്ന കാരണത്താൽ ഭാര്യയുടെ മുടി മൊട്ടയടിച്ച് ഭർത്താവ്. യു.പിയിലെ പിലിഭീത് ജില്ലയിലെ മിലാക് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സഹിറുദ്ദീൻ എന്ന യുവാവ് ഏഴ് വർഷം മുമ്പാണ് സീമാദേവിയെ വിവാഹം കഴിച്ചത്. ഭർത്താവ് ക്ഷിപ്രകോപിയായതു മൂലം സീമാ ദേവിയുമായി കലഹം പതിവായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സീമാദേവി ഭർത്താവിന് അത്താഴം വിളമ്പി. എന്നാൽ പ്ലേറ്റിൽ മുടി കണ്ടതിനാൽ കുപിതനായ സഹിറുദ്ദീൻ ബലം പ്രയോഗിച്ച് ഭാര്യയുടെ മുടി മൊട്ടയടിക്കുകയായിരുന്നു. തുടർന്ന് സീമാദേവി പോലീസിൽ പരാതിപ്പെടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും സീമാദേവി പരാതിയിൽ ആരോപിച്ചു.