
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം താന്‍ ഫോട്ടോയില്‍ വരാന്‍ സാമര്‍ഥ്യം കാണിക്കുന്നുവെന്ന ടി.ജി. മോഹന്‍ദാസിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്. ടി.ജി. മോഹന്‍ദാസ് പാര്‍ലമെന്റ് കാണാത്തത് കൊണ്ടാണെന്നും അവിടുത്തെ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണെന്നും മുരളീധരന് മറുപടി നല്കി.
”പാര്‍ലമെന്റ് അദ്ദേഹം കാണാത്തത് കൊണ്ടാണ്. പാര്‍ലമെന്റിലെ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിയുടെ പിന്നിലല്ല, അദ്ദേഹത്തിന്റെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. പാര്‍ലമെന്ററി സഹമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചുമതലയുള്ള ആളാണ് ഞാന്‍. ഞങ്ങള്‍ മൂന്ന് പേരും പ്രധാനമന്ത്രിയെ സ്വീകരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനോട് കൂടെ നില്‍ക്കണം”, മുരളീധരന് പറഞ്ഞു.
കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ ബി.ജെ.പി. സംസ്ഥാന ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനറായ ടി.ജി. മോഹന്‍ദാസിന്‍െ്റ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം മുരളീധരന് യാദൃച്ഛികമെന്നതുപോലെ പിന്നില്‍ ഏതെങ്കിലും വശത്ത് കയറിയിരിക്കുമെന്നാണ് മോഹന്‍ദാസിന്റെ പോസ്റ്റില്‍ പറയുന്നത്.
‘ക്യാമറ ഏത് ആംഗിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം, നല്ല സാമര്‍ഥ്യം!’ എന്നായിരുന്നു മോഹന്‍ദാസിന്റെ വിമര്‍ശനം. പോസ്റ്റിനുതാഴെ കമന്റ് ബോക്സില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പുതിരിഞ്ഞു പോരാടുകയാണ്. രാജ്യസഭാ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയുടെ പിന്നിലിരിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് അസഹിഷ്ണുത എന്തിനാണെന്നാണു മുരളീധരന്റെ അനുയായികളുടെ ചോദ്യം. എന്നാല്‍, കേരളത്തില്‍ ബിജെപി വളരാതിരിക്കാനുള്ള കാരണം മുരളീധരനെപ്പോലുള്ളവര്‍ ഗ്രൂപ്പിസത്തിനും അധികാരത്തിനും പിറകെ പോവുന്നതാണെന്ന് എതിര്‍പക്ഷവും പറയുന്നു.
ടി.ജി.മോഹന്‍ദാസിന്റെ കുറിപ്പ്:
പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി.മുരളീധരന് യാദൃച്ഛികമെന്നവണ്ണം പുറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കും! കാമറ ഏതാങ്കിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ഥ്യം! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്നു കരുതരുത് കേട്ടോ..






