KeralaNEWS

ശബരിമലയിലെ ഭക്തജനത്തിരക്ക്: നിയന്ത്രണം വേണമെന്ന്് പോലീസ് പറ്റില്ലെന്ന് ബോര്‍ഡ്; ദര്‍ശന സമയം കൂട്ടാനാവില്ലെന്ന് തന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ഉടന്‍ ആരംഭിക്കും. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ബോര്‍ഡും രണ്ടു തട്ടിലാണ്. നിയന്ത്രണം വേണ്ട എന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍ വെര്‍ച്വല്‍ ക്യൂ എണ്ണം നിയന്ത്രിക്കണമെന്നാണ് പോലീസിന്റെ വാദം. തിങ്കളാഴ്ച ശബരിമലയിലേക്കുള്ള പാതയില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അതേസമയം, ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ തന്നെ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കാന്‍ ഇടയില്ല.

വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം പതിനൊന്നിന് നിയമസഭയ്ക്ക് ഉള്ളില്‍ ചേരും. ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, പോലീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. പത്തനംതിട്ട കലക്ടര്‍ അടക്കമുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വിവരം.

ഈ തീര്‍ഥാടന കാലത്ത് വെര്‍ച്വല്‍ ക്യൂ വഴി ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്തിരിക്കുന്നത് തിങ്കളാഴ്ചയാണ്. 1,19,000 ഓളം പേരാണ് നിലവില്‍ ബുക്ക് ചെയ്തിരിക്കുന്നത്. 1,20,000 പേര്‍ക്ക് വരേയാണ് ബുക്കിങ് അനുവദിക്കുന്നത്. ദേവസ്വം ബോര്‍ഡാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. 85,000 പേര്‍ക്കായി പരമാവധി ഒരു ദിവസത്തെ ദര്‍ശനത്തിന്റെ നിയന്ത്രണം വേണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാല്‍, ഇത്തരം നിയന്ത്രണം ആവശ്യമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

വെര്‍ച്വല്‍ ക്യൂ വഴി അല്ലാതെയും സ്വാമിമാര്‍ എത്തിയതോടുകൂടി സന്നിധാനത്തെ തിരക്കിന്റെ നിയന്ത്രണം വിട്ടുപോകുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ മരക്കൂട്ടത്ത് നിരവധി പേര്‍ക്ക് തിരക്കില്‍പ്പെട്ട് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പോലീസ് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേവസ്വം കമ്മിഷണര്‍ക്ക് നല്‍കും. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം പേര്‍ എത്തിയതാണ് തിരക്കിന് ഇടയാക്കിയതെന്ന് ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

നിലവിലുള്ള പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒരുലക്ഷത്തി ഇരുപതിനായിരമാണ്. ഇത് 85,000 ആക്കി പരിമിതപ്പെടുത്തണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ പതിനെട്ടാം പടി കയറ്റിവിടുന്നവരുടെ എണ്ണം മിനുട്ടില്‍ 90 ആയിരുന്നു. എന്നാല്‍, ഈ തവണ35 -40 ആണ്. ഇതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം 85,000 ആയി കുറയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കും.

പതിനെട്ടാംപടി കയറാന്‍ 13 മണിക്കൂറില്‍ കൂടുതല്‍ തീര്‍ഥാടകര്‍ കാത്തുനില്‍ക്കുമ്പോഴും ദര്‍ശനത്തിനു മേല്‍പാലത്തിലേക്കും തിരുനടയിലേക്കുമുള്ള വരികളില്‍ തിരക്കില്ല. തിരക്കു നിയന്ത്രണത്തില്‍ പോലീസിനു പറ്റിയ പാളിച്ചയുടെ തെളിവാണിതെന്നു പരാതിയുണ്ട്. ആദ്യ 2 ബാച്ചിനെ അപേക്ഷിച്ച് ഇത്തവണ പതിനെട്ടാംപടി ഡ്യൂട്ടിക്കു നിയോഗിച്ച പോലീസ് സംഘത്തിന്റെ പ്രവര്‍ത്തനം പോരെന്നാണു പരാതി. ആദ്യത്തെ രണ്ട് ബാച്ചുകളും മിനിറ്റില്‍ 65-70 പേരെ പതിനെട്ടാംപടി കയറ്റി വിടുമായിരുന്നു. ഇപ്പോള്‍ തിരക്കുള്ള ദിവസങ്ങളില്‍ പോലും മിനിറ്റില്‍ 35-40 പേര്‍ മാത്രമാണു പടി കയറുന്നത്.

ഇതു മനസ്സിലാക്കിയ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫിസര്‍ നേരിട്ടെത്തി നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ മിനിറ്റില്‍ അറുപതിലേറെ പേരെ വീതം കയറ്റി വിടാന്‍ കഴിഞ്ഞിരുന്നു. പടി കയറ്റുന്നതിന്റെ വേഗം കുറച്ചതോടെയാണ് ഇന്നലെ ക്യൂ ശരംകുത്തിയും മരക്കൂട്ടവും ശബരിപീഠവും പിന്നിട്ടത്. തിരക്കു നിയന്ത്രിക്കുന്നതിനു തീര്‍ഥാടകരെ പമ്പയില്‍ തടഞ്ഞു. പമ്പയിലേക്കുള്ള വാഹനങ്ങളും പലയിടത്തും തടഞ്ഞിട്ടു.

ദര്‍ശനസമയം ഒരുമണിക്കൂര്‍ കൂട്ടാനാകുമോയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു. എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തന്ത്രിയോട് ആലോചിച്ച് തീരുമാനം എടുക്കാനാണ് നിര്‍ദേശം. തിരക്ക് പരിഗണിച്ച് ഞായറാഴ്ച ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഓണ്‍ലൈന്‍വഴി പ്രത്യേകം സിറ്റിങ് നടത്തുകയായിരുന്നു.

 

Back to top button
error: