KeralaNEWS

മൂന്നാറിലെ ഭൂമി തർക്കം: മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

മൂന്നാര്‍: ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 843 ലെ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും നിര്‍ദ്ദേശം. നാല് തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കെ എസ് ഇ ബിയുടെ നേത്യത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെപ്പോലെ കെ എസ് ഇ ബിയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ റവന്യുവകുപ്പിന് പട്ടയ അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പൊലീസിന്റെ സഹായത്തോടെ കെ എസ് ഇ ബി അധിക്യതര്‍ ഇക്കാനഗറില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇവിടുത്തെ താമസക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സാഹചര്യം കണക്കിലെടുത്ത ഹൈക്കോടതി കെ എസ് ഇ ബി അവകാശപ്പെട്ടുന്ന ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്താന്‍ റവന്യുവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാണ് ഹൈക്കോടതി നി‍ർദ്ദേശം നൽകിയിരിക്കുന്നത്. അതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബി ബിനു പറഞ്ഞു. കെ എസ് ഇ ബിയുടെ ഭൂമി അളന്ന തിട്ടപ്പെടുത്തുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരണം കാണാന്‍ കഴിയുമെന്നാണ് അഭിഭാഷകയുടെ വാദം. കെ എസ് ഇ ബി നിലവില്‍ നല്‍കിയ സ്‌കെച്ചില്‍ 25 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് അഭിഭാഷകയുടെ നേത്യത്വത്തില്‍ മൂന്നാറില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗവും നടത്തി.

Back to top button
error: