KeralaNEWS

പച്ചമാംസമടക്കം നല്‍കി നായക്കൂട്ടത്തെ തീറ്റിപ്പോറ്റി നാടോടി സ്ത്രീ; നെടുമങ്ങാട് ടൗണില്‍ ഇറങ്ങാന്‍ ഭയന്ന് ജനം

തിരുവനന്തപുരം: നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. കഴിഞ്ഞ മാസം 50-ാളം പേര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബോയ്സ് യുപി സ്‌കൂള്‍, നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നായ്ക്കള്‍ പേടിസ്വപ്നമാകുകയാണ്.

നെടുമങ്ങാട് തെരുവില്‍ അലയുന്ന സ്ത്രീയാണ് 50 ലധികം വരുന്ന നായ്ക്കളെ തീറ്റിപ്പോറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ഇവര്‍ പട്ടികളുമായി നെടുമങ്ങാട് നഗരത്തില്‍ അലഞ്ഞു തിരിയുകയാണ്. പച്ച മാംസം അടക്കം ഇവര്‍ ദിവസവും നായ്ക്കള്‍ക്ക് കൊടുക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആളുകളുടെ ജീവന് ഭീഷണിയായി തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന സ്ത്രീയെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനോ തെരുവുനായ്ശല്യത്തിനെതിരേ നടപടി സ്വീകരിക്കാനോ ഇതുവെരയും നഗരസഭയോ പോലീസോ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Signature-ad

തെരുവുനായ്ശല്യത്തിനെതിരേ പരാതിപ്പെട്ടാല്‍ കോടതി ഉത്തരവുള്ളതിനാല്‍ നായ്ക്കളെ കൊല്ലാനാവില്ലെന്നാണ് അധികൃതരുടെ മറുപടി. മൃഗസംരക്ഷണവകുപ്പിനെ ബന്ധപ്പെട്ടാലും മറുപടി ഇതുതന്നെ. പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നതാണ് തെരുവുനായ്കളുടെ ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. വയോധികര്‍, കുട്ടികള്‍, പ്രഭാത സവാരിക്കാര്‍ എന്നിവര്‍ക്കു നേരേയാണ് കൂടുതലായി അക്രമം ഉണ്ടാകുന്നത്. മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കള്‍ കൂടുതല്‍ അക്രമകാരികളാണെന്ന് നാട്ടുകാര്‍ പറയുന്നു.

Back to top button
error: