CrimeNEWS

എട്ടാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം: പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :  കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി മരുന്ന് നൽകി കാരിയറാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ലഹരി മരുന്ന് നൽകി പെൺകുട്ടിയെ കാരിയറാക്കിയ സംഭവത്തിലെ പ്രതിയെ വിട്ടയച്ച പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും  കമ്മീഷൻ നിർദേശം നൽകി. കേസ് ഈ മാസം 27 കോഴിക്കോട്ടെ സിറ്റിംഗിൽ കമ്മീഷൻ പരിഗണിക്കും.

അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരി മാഫിയ ക്യാരിയർ ആക്കിയ സംഭവത്തിൽ  സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വാദം. ലഹരി വസ്തുക്കൾ കൈമാറാനായി കുട്ടി എത്തിയെന്നു പറയുന്ന തലശ്ശേരിയിലെ മാളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപെടുത്തിയിരുന്നു. തലശ്ശേരിയിൽ വസ്ത്രം വാങ്ങാനായി പോയിട്ടുണ്ടെന്നു കുട്ടി പറഞ്ഞതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ ലഹരി സാന്നിധ്യം കണ്ടെത്താൻ നടത്തിയ പരിശോധനയുടെ ഫലം കിട്ടിയിട്ടില്ല.

Signature-ad

കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു.

ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വീഴ്ചയാരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Back to top button
error: